• Tue. Jul 7th, 2026

24×7 Live News

Apdin News

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

Byadmin

Jul 6, 2026


ന്യൂദല്‍ഹി:ജസ്വന്ത് സിങ്ങ് കര്‍ല എന്ന സിഖുകാരന്‍ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ നടന്ന സിഖ് വിരുദ്ധ ലഹളയിലാണ് കൊല്ലപ്പെട്ടത്. ജസ്വന്ത് സിങ്ങ് കര്‍ലയുടെ ജീവിതകഥ പഞ്ചാബ് 95 എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് 127 ഭാഗങ്ങളിലെ സീനുകള്‍ കട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെ സിനിമയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടു, സിനിമ തിയറ്ററില്‍ റിലീസായില്ല. ഉടനെ നിര്‍മ്മാതാക്കള്‍ ഈ സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ സി 5 അതിന് സമ്മതിച്ചു. പക്ഷെ പേര് മാറ്റണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അങ്ങിനെയാണ് പഞ്ചാബ് 95 എന്നതിന് പകരം സിനിമയുടെ പേര് സത്ലജ് എന്നാക്കി മാറ്റിയത്. പക്ഷെ ജൂലായ് 3ന് യാതൊരു കട്ടുമില്ലാതെ അതുപോലെ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങിയെങ്കിലും സീ 5 പൊടുന്നനെ ജൂലായ് 5ന് പ്രദര്‍ശനം നിര്‍ത്തിവെച്ചു. സത് ലജ് എന്ന സിനിമയില്‍  മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്വന്ത് സിങ്ങ് കര്‍ലയുടെ വേഷമിടുന്നത് ദില്‍ജിത് ദോസാഞ്ച് ആണ്.

ആരാണ് ജസ്വന്ത് സിങ്ങ് കര്‍ല?
അകാലി ദള്‍ പാര്‍ട്ടിയുടെ നേതാവും മനുഷ്യാവകശാപ്രവര്‍ത്തകനുമായിരുന്നു ജസ്വന്ത് സിങ്ങ് കര്‍ല. അദ്ദേഹം പലപ്പോഴും സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നേരിട്ട് അറിഞ്ഞ വ്യക്തിയാണ്. കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാന്‍ കഴിയാത്ത സിഖുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കുക്കയായിരുന്നു പൊലീസ് ചെയ്തത്. ഇതേച്ചൊല്ലി വലിയ കോലാഹലങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ കര്‍ല ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മുന്നിട്ടിറങ്ങി. പഞ്ചാബിലെ അമൃതസറിലെ ക്രിമറ്റോറിയത്തില്‍ നിന്നാണ് കര്‍ല പഠനം ആരംഭിച്ചത്. ഒരു ശവശരീരം കത്തിക്കാന്‍ 300 കിലോഗ്രാം വിറകെങ്കിലും ആവശ്യമായിരുന്നു. ഇതോടെ ചെലവ് ചുരുക്കാന്‍ പൊലീസ് പല സിഖുകാരുടെയും മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കാന്‍ തുടങ്ങി. ചാരം കൊണ്ടുപോകാന്‍ ബന്ധുക്കളായ സിഖുകാര്‍ ആരും വന്നില്ല. അമൃത സറില്‍ മാത്രം ആയിരം സിഖുകാരുടെ മൃതദേഹങ്ങളെങ്കിലും ദഹിപ്പിച്ചതായി കര്‍ല കണ്ടെത്തി. ഉടനെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്വന്ത് സിങ്ങ് കര്‍ല  കോടതിയില്‍ ഒരു ഹേബിയസ് കോര്‍പസ് കേസ് ഫയല്‍ ചെയ്തു. പക്ഷെ ഈ ഹര്‍ജി കോടതി തള്ളി. ഇതോടെ അദ്ദേഹം ഇതേക്കുറിച്ച് കൂടുതല്‍ പഠിച്ചു. കൂടുതല്‍ നിയമപോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇത് കേന്ദ്രം ഭരിയ്‌ക്കുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കി. അതോടെ അവര്‍ ഭരണകൂടത്തിന്റെ ക്രൂരത പുറത്തെടുത്തു.

പഞ്ചാബിലെ ഒരു എസ് പി നേരിട്ട്  കര്‍ലയെ ഭീഷണിപ്പെടുത്തി. ഇതുപോലുള്ള കേസുകള്‍ നല്‍കരുതെന്നായിരുന്നു ആവശ്യം. പക്ഷെ പിന്‍മാറാന്‍ കര്‍ല തയ്യാറായിരുന്നില്ല. ഒരു ദിവസം തന്റെ വീടിന് മുന്‍പില്‍ കാര്‍ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന കര്‍ലയെ ഒരു പൊലീസ് ജീപ്പ് വന്ന് അതില്‍ പൊലീസുകാര്‍ ബലമായി കയറ്റിക്കൊണ്ടുപോയി. ഭാഗ്യത്തിന് ഒരു ജേണലിസ്റ്റ് ഇത് കണ്ട് ഭാര്യയെ വിവരം ധരിപ്പിച്ചു. അവര്‍ ഒരു യൂണിവേഴ്സിറ്റിയില്‍ ലൈബ്രേറിയനായി ജോലി ചെയ്യുകയായിരുന്നു. പഞ്ചാബിലെ പല പൊലീസ് സ്റ്റേഷനുകളിലും അവര്‍ കയറിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയിക്കാണും എന്നായിരുന്നു പൊലീസുകാരുടെ മറുപടി.

തുടര്‍ന്ന് ഭാര്യ ശിരോമണി ഗുരുദ്വാരയെ പ്രബന്ധക് കമ്മിറ്റിയെ സമീപിച്ചു. ഇതിന്റെ നേതാവ് ജിഎസ് തോറ സുപ്രീംകോടതി ജസ്റ്റിസ് കുല്‍ദീപ് സിങ്ങിന് ഒരു ടെലഗ്രാം അയച്ച് കര്‍ലയുടെ തിരോധാനത്തെക്കുറിച്ച് അറിയിച്ചു. ഉടനെ സുപ്രീംകോടതി ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ടെലഗ്രാം ഹര്‍ജിയായി പരിഗണിച്ച് കുല്‍ദീപ് സിങ്ങ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കര്‍ലയുടെ തിരോധാനം മാത്രമല്ല, സിഖുകാരുടെ ജഡങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്നതും പൊലീസ് സിഖുകാരുടെ യാതൊരു വിചാരണയോ അറസ്റ്റോ കുറ്റപത്രങ്ങളോ ഇല്ലാതെ ബലമായിപിടിച്ചുകൊണ്ടുപോയി കൊല്ലുന്നതിനെക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരവിട്ടു.

ജസ്വന്ത് സിങ്ങ് കര്‍ലയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ച്, പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിരവധി സിഖുകാരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ പൊലീസ് വേട്ടയാടി കൊന്നു. കൂട്ടത്തോടെ കത്തിച്ചു. ഇന്ത്യയെപ്പോലെ ഇത്രയും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തെ വാഴ്‌ത്തുന്ന കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ ഇങ്ങിനെ ഒരു ക്രൂരത നടന്നത് അമ്പരപ്പിക്കുന്ന സത്യമാണ്. ഈ ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ പറയുന്ന സിനിമയാണ് സത് ലജ്. സ്വാഭാവികമായും കോണ്‍ഗ്രസിന് പൊള്ളുമെന്നുറപ്പ്.



By admin