• Wed. Jul 29th, 2026

24×7 Live News

Apdin News

സിദാന്‍- ഫ്രഞ്ച് ബോസ്

Byadmin

Jul 29, 2026



പാരീസ്: അതെ, സാക്ഷാല്‍ സിനദിന്‍ സിദാന്‍ ഇനി ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍. ഇന്നലെ സിദാനുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാറിലായി. നാല് വര്‍ഷത്തെ കരാറിലാണ് നിയമനം; അതായത് 2030 ലോകകപ്പ് വരെ ഫ്രഞ്ച് ടീമിനെ നയിക്കും. ദിദിയര്‍ ദെഷാംപ്സിന്റെ 14 വര്‍ഷത്തെ യുഗത്തിന് ശേഷമാണ് സിദാന്‍ എത്തുന്നത്. ഫ്രഞ്ച് ഫുട്‌ബോളിനെ സംബന്ധിച്ച് ഇത് പുതുയുഗപ്പിറവിയാണ്.

2012 മുതല്‍ ഫ്രാന്‍സിന്റെ പരിശീലകനായിരുന്ന ദിദിയര്‍ ദെഷാംപ്സ് 2026 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞു. 2018 ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം 2022-ല്‍ റണ്ണറപ്പുമാക്കി. 2021 നേഷന്‍സ് ലീഗ് കിരീടവും അദ്ദേഹത്തിന്റെ കാലയളവിലെ പ്രധാന നേട്ടമാണ്.

2026 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനപ്പോരാട്ടത്തിലെ 6-4 തോല്‍വിയായിരുന്നു ദെഷാംപ്സിന്റെ ഫ്രാന്‍സ് കോച്ചെന്ന നിലയിലെ അവസാന മത്സരം. ദെഷാംപ്‌സിനു ശേഷം സിദാനെത്തുമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ആഗ്രഹം സിദാന്‍ വര്‍ഷങ്ങളായി പരസ്യമായി പ്രകടിപ്പിച്ചിരുന്നതാണ്.റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് 2021-ല്‍ മാറിയതിനുശേഷം അദ്ദേഹം മറ്റൊരു ക്ലബ് ടീമിനെയും പരിശീലിപ്പിച്ചിരുന്നില്ല. അതിനാല്‍ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം സിദാനെ സംബന്ധിച്ച് ഒരു സാധാരണ പുതിയ ജോലി മാത്രമല്ല. കളിക്കാരനായിരുന്നപ്പോള്‍ ഫ്രാന്‍സിന്റെ ജഴ്‌സിയില്‍ ലോകകപ്പ് നേടിയ മനുഷ്യന്‍ ഇപ്പോള്‍ അതേ ടീമിന്റെ പരിശീലകനായി ലോകകപ്പ് നേടാന്‍ ശ്രമിക്കുന്ന മനുഷ്യനാവുകയാണ്.

സിദാനും ഫ്രാന്‍സും തമ്മിലുള്ള ബന്ധം അസാധാരണമാണ്. 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ബ്രസീലിനെ 3-0ന് തോല്‍പ്പിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ നേടിയത് സിദാനായിരുന്നു. ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് കിരീടത്തിന്റെ മുഖമായി അദ്ദേഹം മാറി. ഇപ്പോള്‍ 28 വര്‍ഷങ്ങള്‍ക്കുശേഷം അതേ ലോകകപ്പ് ജഴ്‌സിയുടെ തന്ത്രശാസ്ത്രം തീരുമാനിക്കുന്ന സ്ഥാനത്താണ് അദ്ദേഹം. സിദാനെ ഫ്രാന്‍സ് തിരഞ്ഞെടുത്തതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ കളിക്കാരനായുള്ള ഇതിഹാസപദവി മാത്രമല്ല. റയല്‍ മാഡ്രിഡ് പരിശീലകനെന്ന നിലയിലെ അസാധാരണ നേട്ടങ്ങളാണ് വലിയ കാരണം. 2016 മുതല്‍ 2018 വരെ റയലിനെ തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച സിദാന്‍ ആ കാലഘട്ടത്തിലെ ഏറ്റവും വിജയകരമായ പരിശീലകരില്‍ ഒരാളായി മാറി. കൂടാതെ രണ്ടു വട്ടം വീതം ലാ ലിഗ കിരീടം, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയില്‍ റയലിനെ കിരീടനേട്ടത്തിലെത്തിച്ചു. സിദാന്റെ വരവോടെ ഫ്രാന്‍സ് ടീമിലെ ഏറ്റവും ശ്രദ്ധേയമായ ബന്ധങ്ങളില്‍ ഒന്നായിരിക്കും എംബാപ്പെ-സിദാന്‍ കൂട്ടുകെട്ട്. ചെറുപ്പം മുതല്‍ സിദാനെ ആരാധിച്ചിരുന്ന താരമാണ് എംബാപ്പെ. ഇനി അദ്ദേഹത്തിന്റെ ദേശീയ ടീമിന്റെ പരിശീലകനായി സിദാന്‍ എത്തുകയാണ്.

സിദാന്‍ എത്തുന്നതോടെ ഫ്രാന്‍സില്‍ പ്രധാനമായും മൂന്ന് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ ആക്രമണാത്മക സമീപനമാണ് അതിലൊന്ന്.

റയല്‍ കാലത്തെ സിദാന്റെ നീക്കങ്ങള്‍, സാഹചര്യത്തിനനുസരിച്ച് വേഗത മാറ്റുന്നതിലും വലിയ മത്സരങ്ങളില്‍ ആക്രമണത്തിലെ മികവ് പുറത്തെടുക്കുന്നതിലും ശ്രദ്ധേയമായിരുന്നു. സിദാന്റെ ഏറ്റവും വലിയ ശക്തികളിലൊന്നായി കണക്കാക്കപ്പെടുന്നത് ഡ്രെസിങ് റൂം മാനേജ്‌മെന്റാണ്. വലിയ പേരുകളുള്ള താരങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

മൂന്നാമതായി യുവതാരങ്ങള്‍ക്കുള്ള അവസരമാണ്. ഫ്രാന്‍സിന്റെ നിലവിലെ തലമുറയില്‍ ഇതിനകം തന്നെ നിരവധി മികച്ച യുവതാരങ്ങളുണ്ട്. അവരെ സീനിയര്‍ ടീമില്‍ കൂടുതല്‍ സ്വാധീനമുള്ളവരാക്കുക സിദാന്റെ പ്രധാന ദൗത്യങ്ങളിലൊന്നായിരിക്കും.

By admin