തിരുവനന്തപുരം: സിനിമാ രംഗം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചയാളായ അശ്വതി തിരുനാൾ രചിച്ച നോവല്‍ കോപ്പിയടിച്ചതാണ് ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമയെന്ന ആരോപണം വീണ്ടും. ഒരു യൂട്യൂബ് ചാനലിന് അശ്വതി തിരുനാള്‍ നല്‍കിയ അഭിമുഖത്തിനിടയിലാണ് വീണ്ടും മണിച്ചിത്രത്താഴ് എന്ന സിനിമ ചര്‍ച്ചയായത്.
ഇദ്ദേഹം എഴുതിയ വിജനവീഥി എന്ന നോവല്‍ കുങ്കുമം മാസികയിൽ പരമ്പര(Serial)യായി പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത, മധു മുട്ടം തിരക്കഥ എഴുതിയ മണിച്ചിത്രത്താഴ് എന്ന ഹിറ്റ് സിനിമയുടെ കഥയെന്നാണ് ആരോപണം.
നേരത്തെ സിനിമയില്‍ സഹസംവിധായകനായിരുന്നു. അന്ന് ശശികുമാര്‍ എന്നായിരുന്നു പേര്. പിന്നീട് അശ്വതി തിരുനാള്‍ എന്ന പേരില്‍ വിജനവീഥി എന്ന നോവല്‍ എഴുതി. അന്ന് എന്‍.വി. കൃഷ്ണവാരിയര്‍ ആയിരുന്നു കുങ്കുമം വാരികയുടെ എഡിറ്റര്‍. അദ്ദേഹം ആ നോവല്‍ പ്രസിദ്ധീകരിച്ചു. നോവല്‍ വായിച്ച് മണിച്ചിത്രത്താഴ് കണ്ടാല്‍ കൃത്യമായി അറിയാം ഇത് രണ്ടും ഒന്നാണെന്നാണ് അശ്വതി തിരുനാള്‍ പറയുന്നു. മണിച്ചിത്രത്താഴ് സിനിമയുടെ കഥ വിജനവീഥി എന്ന നോവല്‍ മോഷ്ടിച്ചെടുത്തതാണെന്ന് പണ്ട് ഉഷ. എസ് വെള്ളിനക്ഷത്രം വാരികയില്‍ എഴുതിയിരുന്നുവെന്നും അശ്വതി തിരുനാള്‍ പറയുന്നു. അതേ സമയം ഇതിനെ മോഹന്‍ലാല്‍ കണ്ടത് മറ്റൊരു രീതിയിലാണെന്നും അശ്വതി തിരുനാള്‍ പറയുന്നു. “മധു മുട്ടം ഒരു സന്യാസിയുടെ മനസ്സുള്ള ആളാണ്. താങ്കളും(അശ്വതി തിരുനാള്‍) അതുപോലെ തന്നെ. അതുകൊണ്ടാകാം മണിച്ചിത്രത്താഴും വിജനവീഥിയും ഒന്നുപോലെ ആയത്” – ഇതാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും അശ്വതി തിരുനാള്‍ പറയുന്നു.