• Wed. Jul 22nd, 2026

24×7 Live News

Apdin News

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Byadmin

Jul 22, 2026


ഇസ്ലാമാബാദ: സിന്ധു ജലകരാര്‍  പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം കാനഡ പരസ്യമായി പിന്തുണയ്‌ക്കാതിരുന്നത് ഇസ്ലാമാബാദിന് നയതന്ത്ര തിരിച്ചടിയായി. പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ കാനഡയുടെ പിന്തുണ അഭ്യര്‍ഥിച്ചെങ്കിലും, കാനഡ വിദേശകാര്യമന്ത്രി അനിത ആനന്ദ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വിഷയത്തില്‍ പ്രതികരിച്ചില്ല.

സന്ദര്‍ശനത്തിന് ശേഷം കാനഡ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലും സിന്ധു ജലകരാറിനെയോ പാകിസ്ഥാന്റെ ആവശ്യത്തെയോ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധവും ഭാവി സഹകരണ മേഖലകളും മാത്രമാണ് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

2025 ഏപ്രിലില്‍ ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ സിന്ധു ജലകരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ വിശ്വസനീയമായ നടപടി സ്വീകരിക്കുന്നതുവരെ കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ന്യൂഡല്‍ഹി.

സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഇഷാഖ് ദാര്‍, ഇന്ത്യയുടെ നടപടി മേഖലയിലെ സുരക്ഷാ അന്തരീക്ഷത്തെ കൂടുതല്‍ അസ്ഥിരമാക്കിയെന്ന് ആരോപിച്ചു. “ജലത്തെ ആയുധമാക്കുന്നത് അവസാനിപ്പിക്കാനും സിന്ധു ജലകരാര്‍ ഉടന്‍ പുനഃസ്ഥാപിക്കാനും കാനഡ ഉള്‍പ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ പിന്തുണ തേടുകയാണ്,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ കാനഡ ഈ ആവശ്യത്തോട് പരസ്യമായി യാതൊരു പ്രതികരണവും നടത്തിയില്ല. നയതന്ത്ര നിരീക്ഷകരുടെ വിലയിരുത്തലില്‍, വിഷയത്തില്‍ പ്രതികരിക്കാതിരുന്നതിലൂടെ ഇന്ത്യയുമായുള്ള അതിസൂക്ഷ്മമായ വിഷയത്തില്‍ കാനഡ നിലപാട് സ്വീകരിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960-ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സിന്ധു ജലകരാറില്‍ ഒപ്പുവെച്ചത്. സിന്ധു നദീതടത്തിലെ ആറ് പ്രധാന നദികളില്‍ രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കന്‍ നദികളുടെ നിയന്ത്രണം ഇന്ത്യയ്‌ക്കും, സിന്ധു, ജെലം, ചെനാബ് എന്നീ പടിഞ്ഞാറന്‍ നദികളുടെ പ്രധാന ഉപയോഗാവകാശം പാകിസ്ഥാനും നല്‍കുന്നതാണ് കരാര്‍.

കരാര്‍ നടപ്പാക്കുന്നതിനായി സ്ഥിരം സിന്ധു കമ്മിഷനും (Permanent Indus Commission), തര്‍ക്കപരിഹാരത്തിനായി നിഷ്പക്ഷ വിദഗ്ധര്‍, അന്താരാഷ്‌ട്ര മധ്യസ്ഥ ട്രൈബ്യൂണല്‍, ലോകബാങ്ക് എന്നിവ ഉള്‍പ്പെടുന്ന സംവിധാനവും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാനോ സസ്പെന്‍ഡ് ചെയ്യാനോ വ്യവസ്ഥയില്ലെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാല്‍, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ഇതിനിടെ, ജലക്ഷാമം നേരിടാന്‍ ആവശ്യമായ ആഭ്യന്തര അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും പാകിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായി അന്താരാഷ്‌ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.



By admin