മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ദിശയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എസ്.വി. കോട്വാൾ, ആർ.ആർ. ഭോൺസാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. മുതിർന്ന സിബിഐ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.
മുംബൈ പൊലീസ് കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളും രേഖകളും സിബിഐക്ക് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന്റെ തുടക്കത്തിൽ കൃത്യമായ തെളിവുകൾ ലഭിക്കാതെ ആരെയും എഫ്ഐആറിൽ പ്രതിയാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. മകളുടെ മരണത്തിൽ മുംബൈ പൊലീസ് അന്വേഷണം നടത്തിയ രീതിയിൽ വീഴ്ചയുണ്ടായെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആരോപണം.
മകളുടെ മരണം അസ്വാഭാവികമാണെന്നും കൊലപാതകമാണെന്ന് കണക്കാക്കി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സതീഷ് സാലിയൻ ഹൈക്കോടതിയെ സമീപിച്ചത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് എഫ്ഐആറിന് പകരം ആക്സിഡന്റൽ ഡെത്ത് റിപ്പോർട്ട് (എഡിആർ) മാത്രം രജിസ്റ്റർ ചെയ്തതിലും കോടതി നേരത്തെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും എഡിആറിന്റെയും പകർപ്പുകൾ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന കാര്യവും കോടതി പരിഗണിച്ചു. 2020 ജൂൺ 8നാണ് മുംബൈയിലെ മലാഡിലുള്ള താമസസമുച്ചയത്തിൽ നിന്ന് വീണ് 28കാരിയായ ദിശ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിശയുടെ മരണത്തിന് പിന്നാലെ ദിവസങ്ങൾക്കകം സുശാന്ത് സിങ് രജ്പുത്തിനെയും ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ദിശയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം മൂന്ന് മാസത്തിനകം അവസാനിപ്പിച്ചിരുന്നെങ്കിലും 2023ൽ വീണ്ടും അന്വേഷണം ആരംഭിച്ചിരുന്നു.
ഇപ്പോൾ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിർദേശം നൽകിയതോടെ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. മരണത്തിന്റെ യഥാർഥ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ സിബിഐ അന്വേഷണത്തിലൂടെ പരിശോധിക്കും.