• Thu. Nov 26th, 2026

24×7 Live News

Apdin News

സോജില ചുരം കടക്കാൻ ഇനി 15 മിനിറ്റ് മാത്രം , 70% പണിയും പൂർത്തിയായതായി നിതിൻ ഗഡ്കരി : നിയന്ത്രണരേഖ മേഖലകളിലേക്ക് സൈനിക നീക്കം വേഗത്തിലാകും

Byadmin

Nov 26, 2026



​ന്യൂദൽഹി: കശ്മീർ താഴ്‌വരയ്‌ക്കും ലഡാക്കിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന തന്ത്രപ്രധാന സോജില തുരങ്കത്തിന്റെ ഏകദേശം 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. വരുന്ന ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 24-ന് ഏഴാമത് വേൾഡ് ലാൻഡ്‌സ്ലൈഡ് ഫോറത്തിൽ (WLF-7) സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഹിമാലയൻ മേഖലയിലെ ദുർബലമായ ഭൂപ്രകൃതിയിൽ റോഡ്-തുരങ്ക നിർമ്മാണങ്ങൾ നടത്തുമ്പോൾ വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് ഗഡ്കരി മുന്നറിയിപ്പ് നൽകി. പ്രാദേശിക ഭൂമിശാസ്ത്രം, ജലശാസ്ത്രം, ചരിവുകളുടെ സ്ഥിരത എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ആധുനിക സാങ്കേതികവിദ്യയും ദീർഘകാല നിരീക്ഷണവും ഇത്തരം പദ്ധതികളിൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

​2026 ജൂൺ 9-ന് 13 കിലോമീറ്ററിലധികം ദൂരത്തിൽ തുരക്കൽ പൂർത്തിയായത് പദ്ധതിയിലെ വലിയ നാഴികക്കല്ലായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,578 അടി ഉയരത്തിലാണ് ഈ തുരങ്കം നിർമ്മിക്കുന്നത്. 13.153 കിലോമീറ്റർ നീളവും 9.5 മീറ്റർ വീതിയും 7.57 മീറ്റർ ഉയരവുമുള്ള കുതിരലാട ആകൃതിയിലുള്ള സിംഗിൾ-ട്യൂബ്, ടു-ലെയ്ൻ തുരങ്കമാണിത്. ഏകദേശം 6,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

​ ശ്രീനഗർ-ലേ ദേശീയപാതയിൽ മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബാൽട്ടാലിനെ ലഡാക്കിലെ ദ്രാസ് മേഖലയിലെ മിനിമർഗുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. നിലവിൽ സോജില ചുരം കടക്കാൻ ഒന്നോ ഒന്നരയോ മണിക്കൂർ എടുക്കുമ്പോൾ, തുരങ്കം തുറക്കുന്നതോടെ ഇത് ഏകദേശം 15 മിനിറ്റായി കുറയും. 18 കിലോമീറ്റർ അപ്രോച്ച് റോഡും പാലങ്ങളും ഉൾപ്പെടെ സോനമാർഗ് മുതൽ മിനിമർഗ് വരെ ഏകദേശം 31 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി വ്യാപിച്ചുകിടക്കുന്നത്.

ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്‌ച കാരണം സോജില ചുരം ഏകദേശം മൂന്ന് മാസത്തോളം അടച്ചിടാറുണ്ട്. ഇത് സാധാരണക്കാരുടെ യാത്രയെയും അവശ്യവസ്തുക്കളുടെ നീക്കത്തെയും സൈനിക വിന്യാസത്തെയും ബാധിക്കാറുണ്ട്. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ നിയന്ത്രണരേഖ, യഥാർത്ഥ നിയന്ത്രണരേഖ എന്നിവിടങ്ങളിലേക്ക് സൈനിക വാഹനങ്ങളും ആയുധങ്ങളും സാമഗ്രികളും വേഗത്തിൽ എത്തിക്കാൻ സാധിക്കും.

1999-ലെ കാർഗിൽ യുദ്ധകാലത്ത് പാക് ഷെല്ലാക്രമണത്തിൽ കശ്മീർ-കാർഗിൽ പാതയിൽ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഇതോടെ ശാശ്വത പരിഹാരമാകും. ‘ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ്’ ഉപയോഗിച്ച് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നിർമ്മാണം നടത്തുന്നത്.

By admin