• Thu. Nov 26th, 2026

24×7 Live News

Apdin News

198 പേര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് മാത്രം; ബിആര്‍സി ട്രെയിനര്‍ നിയമനത്തില്‍ വ്യാപക ക്രമക്കേട് പകുതിയിലേറെ മുസ്ലിം ലീഗ് അദ്ധ്യാപകര്‍ 

Byadmin

Nov 26, 2026



കൊച്ചി: സമഗ്ര ശിക്ഷാ കേരളത്തിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ (ബിആര്‍സി) ട്രെയിനര്‍മാരുടെ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ വ്യാപക ക്രമക്കേട്. പകുതിയിലധികം അദ്ധ്യാപകരും മുസ്ലിം ലീഗ് അധ്യാപക സംഘടനാ പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് അദ്ധ്യാപക സംഘടന കെപിഎസ്ടിഎ അടക്കമുള്ളവര്‍ ഇതില്‍ പ്രതിഷേധത്തിലാണ്. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനെ വഞ്ചിച്ചുവെന്നും ആക്ഷേപമുണ്ട്. എല്‍പിഎസ്ടി റാങ്ക് ലിസ്റ്റിലുള്ളവര്‍ മാസങ്ങളായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുമ്പോഴാണ് സര്‍ക്കാരിന്റെ വക വമ്പന്‍ ക്രമക്കേട്.

168 ബിആര്‍സികളിലേക്കായി 393 പേരെയാണ് അദ്ധ്യാപക പരിശീലകരായി നിയമിച്ചത്. ഇതില്‍ 160 ല്‍ അധികം പേരും മുസ്ലിം അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകരാണ്. ഇതില്‍ പലര്‍ക്കും കെ ടെറ്റ് യോഗ്യത പോലുമില്ല. തങ്ങള്‍ നല്‍കിയ പേരുകള്‍ വെട്ടിക്കളഞ്ഞാണ് യോഗ്യത പോലും ഇല്ലാത്ത അദ്ധ്യാപകരെ ലീഗ് നിയമിച്ചതെന്ന് കെപിഎസ്ടിഎ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

ആകെ നിയമിച്ചവരില്‍ 198 പേരും എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരാണ്. ഓരോ വര്‍ഷം വീതമാണ് നിയമനമെങ്കിലും ഈ സര്‍ക്കാരിന്റെ കാലാവധി വരെ നീട്ടി നല്‍കും. താത്കാലിക അടിസ്ഥാനത്തിലെങ്കിലും അഞ്ച് വര്‍ഷത്തേക്ക് നിയമനം ഉണ്ടാകും. സര്‍ക്കാര്‍ സ്‌കൂളുകളിലായിരുന്നെങ്കില്‍ അത്രയും പേര്‍ക്ക് എല്‍പിഎസ്ടി റാങ്ക് ലിസ്റ്റില്‍ നിന്നും താത്കാലിക നിയമനം നല്‍കാമായിരുന്നു.

ഇപ്പോള്‍ താത്കാലിക നിയമനം നല്‍കിക്കൊണ്ട് അടുത്തവര്‍ഷം മാര്‍ച്ചിലും തുടര്‍ന്ന് അഞ്ചുവര്‍ഷവും ഉണ്ടാകുന്ന വിരമിക്കല്‍ ഒഴിവുകളിലേക്ക് എല്‍പിഎസ്ടി റാങ്ക് ലിസ്റ്റുകാര്‍ക്ക് സ്ഥിരം നിയമനം നല്‍കാനും കഴിയുമായിരുന്നു. സമരത്തിലുള്ള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് ആവശ്യപ്പെടുന്നപോലെ ഒഴിവ് മുന്‍കൂട്ടി കണ്ട് നിയമനം നടത്താനാകുമെന്ന് അദ്ധ്യാപക സംഘടനകള്‍ തന്നെ പറയുന്നു.

എയ്ഡഡ് മേഖലയില്‍ നിന്ന് കൂടുതല്‍ പേരെ നിയമിച്ചതിനാല്‍ അവിടെ താത്കാലിക നിയമനത്തിന് മാനേജ്‌മെന്റിനാകും അനുമതി. മാത്രമല്ല ഡിവിഷന്‍ ഫോളിലൂടെ പുറത്ത് നില്‍ക്കുന്ന സംരക്ഷിത അദ്ധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ താത്കാലിക ഒഴിവുകളിലേക്ക് വിനിയോഗിക്കാനും സാധിക്കുമായിരുന്നു.

 

By admin