• Wed. Nov 11th, 2026

24×7 Live News

Apdin News

സ്കൂൾ വേദിയിൽ മതവിദ്വേഷ ഗാനം; അധ്യാപകർക്കും മാനേജ്മെന്റിനുമെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് ലീഗ്

Byadmin

Nov 11, 2026


പെരുമ്പാവൂർ: ആലുവ മഹിളാലയം സ്കൂളിൽ വെച്ച് നടന്ന സി.ബി.എസ്.ഇ സ്കൂൾ വിദ്യാാരംഭം ഉദ്ഘാടന വേദിയുമായി ബന്ധപ്പെട്ട ആക്ഷൻ സോംഗ് മത്സരത്തിൽ ഒരു മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഗാനം അവതരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി പരാതി നൽകി. മതവിദ്വേഷവും ഇസ്ലാമോഫോബിയയും വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്കൂളുകൾ വേദിയാകുന്നതിനെതിരെയാണ് യൂത്ത് ലീഗ് ആലുവ എസ്.പി, പെരുമ്പാവൂർ സി ഐ എന്നിവർക്ക് പരാതി നൽകിയത്.

ഒരു പ്രത്യേക വിഭാഗത്തെ ആക്ഷേപിക്കുന്ന രീതിയിലുള്ള ഗാനം വിദ്യാർത്ഥികളെ കൊണ്ട് പാടിപ്പിച്ച അധ്യാപകർക്കും, അതിന് അനുവാദം നൽകിയ അലുപ്ര സെന്റ് മേരീസ് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റിനുമെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.  ചില അധ്യാപകരുടെ മതവിദ്വേഷവും വർഗ്ഗീയവുമായ നിലപാടുകളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും, സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും യൂത്ത് ലീഗ് പറഞ്ഞു . ഇത്തരം അധ്യാപകരെ സ്കൂളിൽ നിന്ന് പുറത്താക്കുന്ന തരത്തിലുള്ള കർശന നടപടികൾ ഉണ്ടാകണമെന്നും മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അൻസാർ എ.എ., സെക്രട്ടറി ഷൈഫിൻ എം.എം. എന്നിവർ ആവശ്യപ്പെട്ടു.







By admin