പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് താരം ജുവാൻ മാറ്റ. സ്പാനിഷ് ടീമിനൊപ്പം 2010 ലോകകപ്പ് 2012 യൂറോ കപ്പ് എന്നീ കിരീടങ്ങൾ മാറ്റ സ്വന്തമാക്കിയിട്ടുണ്ട്. സ്പെയിനിന് വേണ്ടി 41 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 10 ഗോളുകളാണ് നേടിയിട്ടുള്ളത്.


സ്പാനിഷ് ടീമിലെ സുവർണ്ണ തലമുറയിലെ പ്രധാന താരങ്ങളിൽ ഒരാളായ മാറ്റ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. 2011ലാണ് താരം ചെൽസിയിൽ എത്തിയത്. ആദ്യ സീസണിൽ തന്നെ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരം ടീമിനൊപ്പം യൂറോപ്പ ലീഗ്, എഫ്.എ കപ്പ് എന്നീ കിരീടങ്ങളും സ്വന്തമാക്കി.
2014ലാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്ററിന് വേണ്ടി 51 ഗോളുകൾ നേടിയ മാറ്റ എഫ്.എ കപ്പ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഹിൽഡ് യൂറോപ്പ ലീഗ് എന്നീ കിരീടങ്ങൾ യുണൈറ്റഡിനൊപ്പം സ്വന്തമാക്കി.