സ്പോർട്സ്
സി.കെ. രാജേഷ്‌കുമാർ
(8848456279)
2036-ൽ ഭാരതം ആതിഥ്യം വഹിച്ചേക്കാവുന്ന ഒളിമ്പിക്‌സ് എന്ന സ്വപ്‌നത്തെക്കുറിച്ചും അതിലേക്ക് നാം സഞ്ചരിക്കേണ്ട വഴിയെക്കുറിച്ചും, കേരളത്തിന്റെ കായികഭാവിയെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു
ബോബി ജോർജും ഭർത്താവ് ബോബി ജോർജും.
——-
ഒരു ഓണക്കാലം കൂടി മലയാളിയുടെ മനസ്സിലേക്ക് തിരിച്ചെത്തുമ്പോൾ, അത് ആഘോഷങ്ങളുടെ മാത്രമല്ല, പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും കാലം കൂടിയാണ്. ഒരുകാലത്ത് ഭാരതത്തിന്റെ സ്പോർട്സ് ഹബ്ബായിരുന്ന കേരളം ഇന്ന് വലിയ സ്വപ്‌നത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, 2036ലെ ഒളിമ്പിക്‌സിന് ഭാരതം വേദിയാകുമോ?
ലോകത്തിന്റെ ഏറ്റവും വലിയ കായികമാമാങ്കത്തെ സ്വന്തം മണ്ണിലേക്ക് കൊണ്ടുവരാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾ മുന്നോട്ട് പോ
കുമ്പോൾ, അതിനായി നമുക്ക് ഒരുക്കേണ്ടത് സ്റ്റേഡിയങ്ങൾ മാത്രമല്ല. ലോകനിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ, ശാസ്ത്രീയമായ കായികസംവിധാനം, മികച്ച പരിശീലകർ, സ്പോർട്സ് സയൻസ്, പ്രതിഭകളെ കണ്ടെത്തി വളർത്തുന്ന ദീർഘകാല പദ്ധതികൾ.. ഒരു ഒളിമ്പിക്‌സ് ആതിഥേയത്വത്തിന്റെ യഥാർത്ഥ അർത്ഥം അതിലൊക്കെയാണ്. അത്തരമൊരു ഇന്ത്യയെ സ്വ
പ്‌നം കാണുമ്പോൾ, ആ സ്വപ്‌നത്തിന് സ്വന്തം ജീവിതം കൊണ്ട് അർത്ഥം നൽകിയ രണ്ട് പേരെ നമുക്ക് മറക്കാനാവില്ല. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ അത്ലറ്റായ അഞ്ജു ബോബി ജോർജും അഞ്ജുവിന്റെ പരിശീലകനും ഭർത്താവും അഞ്ജു ബോബി ഹൈ പെർഫോമൻസ് സെന്റർ സ്ഥാപകനുമായ ബോബി ജോർജും.
ലോക ചാമ്പ്യൻഷിപ്പിലെയും വേൾഡ് അത്ലറ്റിക്സിലെയും മെഡലുകളുടെ തിളക്കത്തിൽ നിന്ന് ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ അടുത്ത തലമുറയെ വാർത്തെടുക്കാനുള്ള ദൗത്യത്തിലേക്കാണ് ഇവരുടെ യാത്ര നീളുന്നത്. ലോകനിലവാരത്തിലുള്ള പരിശീലനവും ഹൈ പെർഫോമൻസ് സംവിധാനവും ലക്ഷ്യമിട്ട് അവർ ഒരുക്കിയ ഹൈ പെർഫോമൻസ് സെന്റർ അതിന്റെ ഭാഗമാണ്.
പക്ഷേ, ഇന്ത്യ 2036-നെ സ്വപ്‌നം കാണുമ്പോൾ കേരളത്തിന്റെ കായികരംഗം എവിടെയാണ് നിൽക്കുന്നത്?
ഒരുകാലത്ത് ഇന്ത്യയുടെ അത്‌ലറ്റിക്‌സ് പ്രതീക്ഷകളുടെ മുൻനിരയിൽ നിന്ന കേരളം ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണോ, ശാസ്ത്രീയ പരിശീലനത്തിന്റെ അഭാവമാണോ, മികച്ച പ്രതിഭകൾക്ക് വേണ്ട അവസരങ്ങളുടെ കുറവാണോ അതോ കായികത്തെ കാണുന്ന നമ്മുടെ സമീപനത്തിൽ തന്നെയാണോ മാറ്റം വേണ്ടത്?
ഓണത്തിന്റെ ഈ സന്തോഷകാലത്ത്, ഒരു വലിയ കായികസ്വപ്‌നത്തെക്കുറിച്ചും അതിലേക്ക് ഭാരതം സഞ്ചരിക്കേണ്ട വഴിയെക്കുറിച്ചും, കേരളത്തിന്റെ കായികഭാവിയെക്കുറിച്ചും സംസാരിക്കാം. നമ്മുടെ അഞ്ജു ബോബി ജോർജിനും ബോബി ജോർജിനുമൊപ്പം ഒളിമ്പിക്‌സ് സ്വപ്‌നങ്ങളിൽ നിന്ന് കേരളത്തിന്റെ കായിക യാഥാർഥ്യങ്ങളിലേക്ക്.
? ഭാരതം ഒളിമ്പിക്സിന് ആതിഥ്യമരുളാൻ പ്രാപ്തമാണോ
അഞ്ജു: പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, നമ്മുടെ അടിസ്ഥാന സൗകര്യം. രണ്ട്, അത്ലറ്റ്സ്. നാം ഒളിമ്പിക്സിന് ആതിഥേയത്വമരുളുമ്പോൾ ആദ്യ ആറ് സ്ഥാനങ്ങളിലെങ്കിലും നാം എത്തണം. അതാവണം നമ്മുടെ ലക്ഷ്യം. അതിലേക്ക് നാം ഏറെ മുന്നേറാനുണ്ട്. ഇപ്പോൾ 12 വയസുമുതൽ 18 വയസ് വരെ പ്രായമുള്ളവരാകണം അന്ന് ഭാരതത്തിനായി ഇറങ്ങേണ്ടത്. അതുകൊണ്ട് അവരെ കണ്ടെത്തി ഇപ്പോൾത്തന്നെ മികച്ച പരിശീലനവും അതിനുള്ള സൗകര്യങ്ങളും നൽകി വളർത്തിക്കൊണ്ടുവരണം. കേന്ദ്രസർക്കാർ അതിലേക്കുള്ള വലിയ ഒറു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ 37000 കോടി രൂപയാണ് നീക്കി വയ്‌ക്കുന്നത്. നമ്മുടെ ടാലന്റ് സ്‌കൗട്ടിങ് ശരിയാകണം. അതുപോലെ തന്നെ 2030 കോമൺവെൽത്ത് ഗെയിംസ് ഏറ്റവും നന്നായി നമുക്ക് സംഘടിപ്പിക്കാനാകണം. ഒളിമ്പിക്സ് പോലെ അത്ര വലിയ ഇവന്റ് അല്ലെങ്കിലും ഒരു മൾട്ടി സ്പോർട്സ് ഇവന്റ് എന്ന നിലയിൽ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പ് ഒരു പരിശീലനക്കളരിയാണ്. എത്ര നന്നായി നാം ഒളിമ്പിക്സ് സംഘടിപ്പിച്ചാലും മെഡലുകൾ നേടിക്കൊണ്ട് നമ്മുടെ രാജ്യവും പോഡിയത്തിൽ സ്ഥാനം നേടുമ്പോൾ മാത്രമാണ് നമ്മുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തുണ്ടാകൂ.
? രാജ്യത്തെ സ്പോർട്സ് പരിശീലന കേന്ദ്രങ്ങളുടെ അവസ്ഥ
ബോബി ജോർജ്: മുമ്പ് സായിയുടെയും അതാത് സംസ്ഥാനങ്ങളുടെ കീഴിലുള്ളതുമായ പരിശീലന കേന്ദ്രങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അത് മാറിയിട്ടുണ്ട്. ധാരാളം പ്രൈവറ്റ് സെന്ററുകൾ കായിക രംഗത്തെത്തിയിട്ടുണ്ട് റിലയൻസിന്റെയും ജെഎസ്ഡബ്ല്യുവിന്റെയും നേതൃത്വത്തിൽ ഹൈ പെർഫോമൻസ് സെന്ററുകൾ നമുക്കുണ്ട്. കൂടാതെ ഒഡീഷയിലെ കിറ്റ്സ് സെന്ററുമൊക്കെ സ്പോർട്സ് പരിശീലനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ, ഇത്രയുംകൊണ്ടു മാത്രം പോരാ. പരിശീലനരംഗത്ത് അതി നൂതന സാങ്കേതിക വിദ്യയോടെ നിരവധി സെന്റുകൾ വരേണ്ടതുണ്ട്.
ഒരു പരിശീലകൻ എന്ന നിലയിൽ നോക്കിയാൽ, ഒരു അത്ലറ്റിനെ ചെറുപ്പം മുതൽ പരിശീലിപ്പിച്ച് മുൻനിരയിലേക്ക് എത്തിക്കണമെങ്കിൽ 10 വർഷത്തിൽ ഫലപ്രദമായ 10000 മണിക്കൂറുകൾ വേണം. നാം 2036ലെ ഒളിമ്പിക്സാണ് ലക്ഷ്യമിടുന്നതെങ്കിൽ മികച്ച അത്ലറ്റുകളെ കണ്ടെത്തി അവർക്കുള്ള പരിശീലനം ഇപ്പോഴേ തുടങ്ങണം. ഇതിലേക്ക് വളരെ ക്വിളിറ്റിയുള്ള പ്രോഗ്രാമിലേക്ക് നാം കടക്കണം.
? ഇവന്റുകൾ തിരിച്ചറിയേണ്ടേ
അഞ്ജു: കേന്ദ്രകായിക മന്ത്രാലയം ആ ഒരു പ്രോസസിലാണ്. ഒളിമ്പിക്സിന് ഭാരതം ആതിഥേയത്വം വഹിക്കുമ്പോൾ നമ്മുടേതായ കുറച്ച് ഇവന്റുകൾ ആതിഥേയരെന്ന നിലയിൽ ഉൾപ്പെടുത്താൻ സാധിക്കും. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാം. കളരി, മല്ലക്കാമ്പ് പോലുള്ള ഇനങ്ങൾ വരാനുള്ള സാധ്യതയുണ്ട്. മറ്റുള്ള രാജ്യങ്ങൾ അത് പഠിച്ചുവരുന്നതിനുമുമ്പ് നമ്മുടെ സ്ഥാനം നമുക്ക് ഉറപ്പിക്കാനാകും. അതിനുമുമ്പ് പല മൾട്ടി സ്പോർട്സ് ഇനങ്ങളിലും ഒരു ഡെമോ എന്ന നിലയിൽ ഇത്തരം ഇനങ്ങൾ അവതരിപ്പിക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിൽ അത്തരം ഇവന്റുകളുടെ ഫെഡറേഷനുകൾ വരേണ്ടതുണ്ട്. പിന്നെ ഭാരതത്തിന് മെഡലുകൾ നേടാൻ കൂടുതൽ സാധ്യതയുള്ള ഇനങ്ങളിൽ ശ്രദ്ധയൂന്നിയുള്ള പരിശീലനവും അടിസ്ഥാനസൗകര്യവികസനവും നടക്കണം. അത്ലറ്റിക്സ്, ഹോക്കി, വോളിബോൾ, ഷൂട്ടിങ്, ഗുസ്തി, ഭാരോദ്വഹനം, ആർച്ചറി, ബോക്സിങ്, ബാഡ്മിന്റൺ തുടങ്ങിയവയ്‌ക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഭാരതത്തിലുണ്ട്. അത്ലറ്റിക്സ് നമ്മുടെ പ്രധാന ഇനമാണ്. കൂടുതൽ മികവ് പുലർത്തുന്ന താരങ്ങളുണ്ട്. നീരജിനെപ്പോലെ തന്നെ മികവിലേക്കെത്താവുന്ന ജാവലിൻ താരങ്ങൾ ഭാരതത്തിന്റെ മൂലധനമാണ്. മികച്ച അത്ലറ്റുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വളരെ ദീർഘമായ പ്രക്രിയയാണിത്. എങ്കിലും ശ്രമം വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ബോബി: ടാലന്റിനെ തിരിച്ചറിയുന്നതിനുള്ള പ്രക്രിയ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. എന്നാൽ, ഇതൊരിക്കലും കോമൺവെൽത്ത് ഗെയിംസ് അല്ലെങ്കിൽ ഒളിമ്പിക്സ് എന്നിവയെ മാത്രം ഫോക്കസ് ചെയ്താകരുത്. അതിനു ശേഷവും ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇത് തുടരണം. സിസ്റ്റം വളരെ മുന്നോട്ടുപോകാനുണ്ട്. നമ്മെ സഹായിക്കാൻ മറ്റാരുമംില്ല. നമ്മുടെ സാഹചര്യങ്ങൾക്കനുസൃതമായി ഒരു സിസ്റ്റം നാം ഇംപ്ലിമെന്റ് ചെയ്യണം. ചൈനയെ നോക്കൂ. ഇത്തരം കാര്യങ്ങളിൽ അവർ ഒരു രീതി നടപ്പിലാക്കി. ജപ്പാന്റെ രീതിയിൽ അവർ മുന്നേറുന്നു. അത്തരത്തിൽ നമുക്കും ഒരു സിസ്റ്റം ഉണ്ടാകണം.
? പരിശീലകർ ഇന്ത്യക്കാരാകുന്നതല്ലേ ഉചിതം
ബോബി: വിദേശപരിശീലകരിലൂടെ മാത്രമേ നമ്മുടെ അത്ലറ്റുകൾ മികവിലേക്കെത്തൂ എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. എന്നാൽ, അതല്ല സത്യം. മറ്റ് രാജ്യങ്ങളെയൊക്കെ നോക്കൂ. അവിടെ 90 ശതമാനവും സ്വദേശീയരായ പരിശീലകരാണ്. നാം പലപ്പോഴും വിദേശ കോച്ചുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഒരു ലെവലിനപ്പുറം അവരെ ആശ്രയിക്കുന്നത് അബദ്ധമാണ്. ഇവിടുത്തെ സാഹചര്യവും സംസ്‌കാരവുമൊക്കെ നന്നായി അറിയാവുന്നത് ഇവിടുത്തെ പരിശീലകർക്കാണ്. അവരെ പരമാവധി ഉപയോഗപ്പെടുത്തണം. എന്നാൽ, അവരുടെ ഒരു സപ്പോർട്ട് സിസ്റ്റം ഇവിടെ പുരോഗമിക്കാനുണ്ട്. നമ്മുടെ സാംസ്‌കാരികതയിലൂന്നി നമ്മൾ തന്നെ ഒരു സിസ്റ്റം കൊണ്ടുവരണം. മുമ്പ് ക്രിക്കറ്റിലൊക്കെ നാം വിദേശ പരിശീലകരെ ആശ്രയിച്ചിരുന്നു. എന്നാൽ, ഇന്ന് അത് മാറി. ഭാരതീയരായ പരിശീലകർക്കാണ് ആദ്യപരിഗണന. ഹോക്കിയിൽ പക്ഷേ, വിദേശ പരിശീലകരാണുള്ളത്. അത് മാറണം. അത്ലറ്റിക്സിൽ എത്രയോ മികച്ച പരിശീലകർ ഓരോ ഇനത്തിലും നമുക്കുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തണം.
മുമ്പ് ഐഎസ്ആർഒ ഡെവലപ്പ് ചെയ്ത് വന്നപ്പോൾ ഇന്ത്യൻ ശാസ്ത്രജ്ഞരെക്കൊണ്ട് ഇതൊക്കെ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, നാം തെളിയിച്ചില്ലേ നാം ഒന്നിലും മോശമല്ല എന്ന്. അതുതന്നെ കായികത്തിലും ആകാം. എല്ലാ മേഖലയിലും നാം മുൻപന്തിയിലാണ്.
ഇടപെട്ട് അഞ്ജു: നമ്മുടെ ശ്രീശങ്കറിന്റെ പരിശീലകൻ അദ്ദേഹത്തിന്റെ അച്ഛൻ മുരളിച്ചേട്ടനാണ്. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായിരുന്നു ശ്രീജേഷ്. അപ്പോൾ നമുക്ക് ഇതൊക്കെ സാധിക്കും.
? സ്പോർട്സ് സംസ്‌കാരം മാറേണ്ടതില്ലേ
അഞ്ജു: രാജ്യത്തിന്റെ സ്പോർട്സ് സംസ്‌കാരം മാറേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ ഒരു കുഞ്ഞുജനിക്കുമ്പോൾ മുതൽ കായിക സംസ്‌കാരം വളർത്തിയെടുക്കാൻ ശ്രമിക്കണം. അതിന് മാതാപിതാക്കൾക്ക് ബോധവത്കരണം നൽകേണ്ടതുണ്ട്. സ്പോർട്സ് മുഖ്യപാഠ്യപദ്ധതിയായി മാറണം. രാജ്യത്തിന്റെ മുക്കിലും മൂലയിലും ട്രെയിനിംഗ് സെന്ററുകൾ വരണം. ഇക്കാര്യങ്ങളിലൊക്കെയുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് നല്ല കാര്യമാണ്. സ്പോർട്സ് ഒരു സംസ്ഥാന വിഷയമാണ്. കേന്ദ്രസർക്കാരിന് പരിമിതികളുണ്ട്. അതിനാൽ, എല്ലാ സംസ്ഥാനവും സ്പോർട്സ് പ്രൊമോട്ട് ചെയ്യുന്നതിനും ഈ സംസ്‌കാരം വളർത്തുന്നതിനും മുന്നോട്ടുവരണം. അടുത്ത 10 വർഷം കായിക ഇന്റസ്ട്രി 400 മടങ്ങ് വികസിക്കുമെന്നാണ് കണക്ക്. ഇതോടെ ഭാരതം ലോകത്തെ മികച്ച കായിക രാജ്യങ്ങളിലൊന്നായി മാറും.
? ദേശീയ വിദ്യാഭ്യാസ നയം എങ്ങനെയാവണം
അഞ്ജു: നിലവിൽ സ്പോർട്സ് ഒരു എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി ആയി മാത്രം കാണുന്നവരാണ് നാം. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയത്തിൽ കായികം ഒരു സബ്ജക്ടാണ്. അത് പൂർണമായും നടപ്പിലായാൽ രാജ്യത്ത് ഒരു കായിക സംസ്‌കാരം തന്നെ രൂപപ്പെടും. മറ്റു വിഷയങ്ങൾ പോലെ കായികം ഒരു സയൻസാണ്. അത് ആ അർഥത്തിൽ എടുത്ത് പഠിക്കേണ്ടതുണ്ട്. ദേശീയ കായിക നയം നടപ്പാക്കിയാൽ ധാരാളം പദ്ധതികൾ കേന്ദ്രത്തിൽനിന്നുണ്ടാകും. അതുവഴി ഓരോ സംസ്ഥാനത്തിന്റെയും സ്പോർട്സ് വളരെയധികം മെച്ചപ്പെടും.
കായിക നയപ്രകാരം ടാലന്റ് ഒരിടത്തും നഷ്ടപ്പെടാതെ സ്‌കൂളിൽനിന്നു തന്നെ സ്പോർട്സ് താരങ്ങളെ കണ്ടെത്താനാകും. അതുപോലെ യുവജനതയ്‌ക്ക് ഒരു പ്രോത്സാഹനം നൽകുകയും അതുവഴി നല്ല ആരോഗ്യം എന്ന ചിന്തയിലേക്ക് അവരെ മാറ്റുകയും ചെയ്യാനാകും. ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാനാകും.
ബോബി: വളരെ ചെറുപ്പത്തിൽത്തന്നെ സ്പോർട്സ് എന്തെന്നു മനസിലാക്കാൻ ഈ കാര്യങ്ങൾ ഉപകരിക്കും. നമ്മുടെ ചെറുപ്പത്തിൽ നാം പഠിച്ച കാര്യങ്ങൾ ഓർത്തിരിക്കുന്നില്ലേ എന്നു പറഞ്ഞതുപോലെ. അവിടെനിന്ന് സ്പോർട്സും ആരംഭിക്കണം. 30 വയസ് വരെ നമ്മുടെ ശരീരത്തിൽ നമ്മുടെ സമയം ഇൻവെസ്റ്റ് ചെയ്യുക എന്നത് ശീലമാക്കണം. അത് നമ്മുടെ ജീവിതത്തിലുടനീളം പ്രതിഫലിക്കുകയും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും സാധിക്കും. ഇന്ത്യൻ സ്പോർട്സിന്റെ പ്രത്യേകത എന്നത് ടാലന്റ് ഉണ്ട്. അത് നന്നായി ടാപ്പ് ചെയ്യാൻ സാധിക്കണം.
അതുപോലെ സ്പോർട്സ് നിർബന്ധിതമായിത്തന്നെ പഠിപ്പിക്കണം. ജി.വി. രാജ സ്‌കൂൾ മാതൃകയിൽ എല്ലാ ജില്ലയിലും വരേണ്ടതുണ്ട്. അവിടെ ഖേലോ ഇന്ത്യ പദ്ധതി നന്നായി നടക്കുന്നുണ്ട്. അതുപോലെ സ്പോർട്സ് പരിശീലനത്തിനു ശേഷം വിദ്യാർഥികളുടെ പഠനവും ക്രമീകരിക്കാനായി സാധിക്കും. ചെറുപ്രായത്തിൽത്തന്നെ നമ്മുടെ ജീവിതത്തിന് ഒരു ചിട്ടയുണ്ടാകാൻ കായികം സഹായിക്കും.
? യുവതയല്ലേ നമ്മുടെ ശക്തി
ബോബി ജോർജ്: ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമാണ് ഭാരതം. അതുകൊണ്ട് എത്രയോ കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. വനിതാ സ്പോർട്സ് വളരെയധികം മെച്ചപ്പെട്ടു. അവർ മുഖ്യധാരയിലേക്കു വന്നു. ഇതൊക്കെ വലിയ കാര്യമാണ്. ചെറുപ്രായത്തിലേ തന്നെ നല്ല ശീലങ്ങൾ വളർത്തിയെടുക്കുക, അച്ചടക്കത്തോടെ ജീവിക്കുക, നന്നായി പെരുമാറുക ഇതൊക്കെ എന്നത് സ്പോർട്സ് സംഭാവന ചെയ്യുന്ന മൂല്യങ്ങളാണ്.
? ഒരു കായിക താരത്തിന്റെ വിദ്യാഭ്യാസം
അഞ്ജു : അത് ഓരോ കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കും. എന്നാൽ, ഒരു കായിക താരത്തിന് അത്യാവശ്യം നല്ല വിദ്യാഭ്യാസം വേണമെന്നാണ് എന്റെ അഭിപ്രായം. എനിക്കൊപ്പമുണ്ടായിരുന്ന പല അത്ലറ്റുകളും പ്രീ ഡിഗ്രിയോടെയോ അതിനു മുമ്പോ പഠനം നിർത്തി സ്പോർട്സ് തുടർന്നവരുണ്ട്. എന്നാൽ, ഞാൻ ഡിഗ്രി ഭേദപ്പെട്ട മാർക്കോടെ പൂർത്തിയാക്കി. ക്ലാസിൽ പോകാൻ സാധിച്ചെന്നു വരില്ല. എന്നാൽ, ഹോസ്റ്റലിൽ ഇരുന്നു പഠിച്ചായിരുന്നു ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്. വീട്ടിൽനിന്നുള്ള ഉപദേശവും മറിച്ചായിരുന്നില്ല. സ്പോർട്സ് എത്രവേണമെങ്കിലും ചെയ്തുകൊള്ളൂ. എന്നാൽ, വിദ്യാഭ്യാസം മുടങ്ങാൻ പാടില്ല എന്നായിരുന്നു വീട്ടിൽനിന്നുള്ള നിർദേശം. അതിന്റെ ഗുണം ഞാൻ ഇപ്പോൾ അറിയുന്നുണ്ട്. നമ്മുടെ കോംപറ്റീഷൻ പാ
റ്റേണിൽനിന്നൊക്കെ മാറി അന്താരാഷ്‌ട്ര തലത്തിലുള്ള മത്സരങ്ങളിലേക്കു വന്നുകഴിയുമ്പോൾ അവിടെ നല്ല ആശയവിനിമയമൊക്കെ പ്രധാനമാണ്. അതിലേക്ക് എന്നെ നയിച്ചത് വിദ്യാഭ്യാസമാണ്. അതുകൊണ്ട് നല്ല വിദ്യാഭ്യാസം കായിക താരങ്ങൾക്കു വേണമെന്നാണ് അഭിപ്രായം.
അതേ സമയം, ഫുട്ബോൾ പോലുള്ള കായിക ഇനങ്ങളുടെ കാര്യമെടുത്താൽ, വളരെ ചെറുപ്പത്തിലെ തന്നെ പരിശീലനം ആവശ്യമുള്ള കായിക ഇനമാണത്. അതുപോലെ ഹെക്ടിക്കായുള്ള പരിശീലന രീതികളാണ് അതിലുള്ളത്. ഇപ്പോൾ ലയണൽ മെസിയുടെ കാര്യം തന്നെയെടുക്കുക. അദ്ദേഹത്തിന്
സ്പാനിഷ് അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. അതുകൊണ്ട് അദ്ദേഹത്തിന് ഒന്നുമാകാൻ പറ്റാതെവന്നില്ലല്ലോ. എന്നിരുന്നാലും കൂടുതൽ കഷ്ടപ്പെട്ട് വിദ്യാഭ്യാസത്തിനൊപ്പം കായികവും കൊണ്ടുപോകാൻ സാധിക്കണം.
ബോബി ജോർജ് (ഇടപെട്ടുകൊണ്ട്): എന്നാൽ, ഈ ഡിഗ്രിയെടുത്തവരൊക്കെ മെസിയുടെ ഫാൻസാണ്. നമ്മൾ ആലോചിക്കുമ്പോൾ മെസിക്ക് സയൻസ് പഠിക്കേണ്ട കാര്യമുണ്ടോ? ലാംഗ്വേജ് മാത്രം പഠിച്ചാൽ പോരേ..?
(ഇരുവരും ചിരിക്കുന്നു)
അഞ്ജു ബോബിയോട്: പിന്നെ എന്തിനാണ് ബോബി എൻജിനിയറിങ് പഠിച്ചു പാസായത്? സ്പോർട്സ് നമ്മുടെ ഐഡന്റിറ്റിയാണ്. അതിനു ശേഷം നമുക്കൊരു ജീവിതമുണ്ട്. അവിടെ നാം ഇടപെടുന്ന ആൾക്കാർ വിദ്യാസമ്പന്നരായിരിക്കും. അവർ പറയുന്ന കാര്യങ്ങൾ അതേ വേവ് ലെങ്തിൽ നമുക്കും മനസ്സിലാകണമെങ്കിൽ വിദ്യാഭ്യാസം വേണം. ബോബി സ്പോർട്സ് സയൻസ് പഠിച്ചു. ബയോ മെക്കാനിക്സ് എന്താണെന്ന് വളരെ നന്നായി അറിയാം. മികച്ച വിദ്യാഭ്യാസമില്ലെങ്കിൽ ബോബിക്ക് ഈ നിലയിലെത്താൻ സാധിക്കില്ല. അഞ്ജു ബോബി അക്കാദമിയിൽ പരിശീലിക്കുന്ന എല്ലാവരും സ്പോർട്സിനൊപ്പം മികച്ച വിദ്യാഭ്യാസവുമുണ്ടായിരിക്കണം എന്ന നിഷ്‌കർഷ ബോബിക്കുണ്ട്. ഇവിടെ പരിശീലനം നടത്തുന്ന എല്ലാവരും അത്തരത്തിൽ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നു.
ബോബി ജോർജ്: സ്പോർട്സിനു താത്പര്യമുള്ളവർക്ക് എവിടെയാണോ ടാലന്റ് ഉള്ളത് അവിടെ നിങ്ങൾ കൂടുതൽ സമയം ഇൻവെസ്റ്റ് ചെയ്യുക. ബാക്കിയുള്ള സമയം വിദ്യാഭ്യാസത്തിനും ചെലവഴിക്കുക.
(പ്രിയപ്പെട്ട കായിക താരങ്ങളോടും അവരുടെ മാതാപിതാക്കളോടും പറയാനുള്ള കാര്യം- വിദ്യാഭ്യാസവും സ്പോർട്സും എങ്ങനെ ഒന്നിച്ച് നന്നായി കൊണ്ടുപോകാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇരുവരും.)
? കേരളത്തിന്റെ കായിക പിന്നോക്കാവസ്ഥ
കേരളത്തിൽ കായികം എന്നു പറയുന്നത് നമ്മൾ ഒരു കാലത്ത് ഏത് ഇവന്റെടുത്താലും മുൻപന്തിയിൽ കേരള താരങ്ങളുണ്ടായിരുന്നു. ഇപ്പോൾ അത് മാറി തമിഴ്നാടും ഹരിയാനയും കർണാടകയുമൊക്കെ വന്നു. ഏതെങ്കിലുമൊക്കെ കാറ്റഗറിയിൽ ദേശീയ ചാമ്പ്യൻഷിപ്പ് തന്നെ വളരെ അപൂർവമായി മാത്രമാണ് നമുക്ക് ലഭിക്കുന്നത്. സ്പോർട്സിനോട് താത്പര്യമുള്ളവരായിരിക്കണം മന്ത്രിയായി വരേണ്ടത്. പിന്നെ കായികത്തോട് അദ്ദേഹത്തിന് ഒരു സ്നേഹം വേണം, ആത്മാർഥത വേണം. ബിസിനസായി മാത്രം സ്പോർട്സിനെ കാണുന്നവരാകരുത്. പിന്നെ നമ്മുടെ ഖജനാവ് എന്നും കാലിയാണ്. സ്പോർട്സിനു മാറ്റിവയ്‌ക്കാൻ പണമില്ല. ഇനി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റിനു വേണ്ടി കുറെ പണം ചെലവഴിച്ചു. എന്നാൽ, അവ മെയിന്റെയിൻ ചെയ്യാൻ ശ്രമമില്ല. അവിടെ കുട്ടികൾക്ക് പരിശീലനം ചെയ്യാനുള്ള സാഹചര്യമുണ്ടോന്നു നോക്കണം. നമുക്ക് വേണ്ടത് ദീർഘകാല പദ്ധതികളും ആസൂത്രണവുമാണ് വേണ്ടത്.
സ്പോർട്സ് കൗൺസിൽ കുട്ടികൾക്ക് ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം നാം കണ്ടു. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകർക്ക് ശമ്പളമില്ല. അവർ സമരം ചെയ്യേണ്ടി വരുന്നു. അവർക്കുവേണ്ടി നമ്മൾ ശബ്ദമുയർത്തിയില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി ശബ്ദിക്കും. അവരുടെ പ്രശ്നങ്ങളടക്കം കേരളത്തിലെ സ്പോർട്സിന്റെ പ്രശ്നങ്ങൾ ഞാൻ തുറന്നു പറഞ്ഞപ്പോൾ അന്നത്തെ കായിക മന്ത്രി എന്നോട് പറഞ്ഞത്, കേരളം സ്പോർട്സിനായി 5000 കോടി നിക്ഷേപം നടത്തിയെന്നാണ്. എന്നാൽ, അത് എവിടെയെന്നു മാത്രം മനസ്സിലാകുന്നില്ല. അങ്ങനെ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ കേരളം കായികത്തിൽ എത്രയോ മികവിലേക്കെത്തുമായിരുന്നു. ഭാരതത്തിന്റെ സ്പോർട്സ് ഹബ്ബ് തന്നെ കേരളമാകുമായിരുന്നു. സ്റ്റേഡിയങ്ങൾ പലതുമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അവയുടെ അവസ്ഥയെന്താണ്? പല സ്റ്റേഡിയങ്ങളും ശരിയായ രീതിയിൽ പരിചരിക്കുന്നില്ല. മഴ പെയ്തു നശിക്കാറായ അവസ്ഥയിലാണ് പലതും. ട്രാക്കുകൾ പൊളിഞ്ഞു, ടർഫുകൾ താറുമാറായി. ഗുണമേന്മയില്ലാത്ത ടർഫുകളുണ്ടാക്കിയിട്ടെന്തു കാര്യം? പരിചരണം പ്രധാനമാണ്. അതൊന്നുമില്ലാതെ വിഷയം ചൂണ്ടിക്കാണിക്കുന്നവരെ പുച്ഛിക്കുന്ന നിലപാടാണ് അന്നത്തെ മന്ത്രി സ്വീകരിച്ചത്. കായികാധ്യാപകരുടെ പ്രശ്നങ്ങൾ ഇതേ മന്ത്രിക്കു മുന്നിൽ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ അഞ്ജുവിന് സ്പോർട്സ് അറിയില്ല. വെറുതെ കസേരയിൽ കയറിയിരുന്നിട്ട് പ്രസ്താവന പറഞ്ഞാൽ പോരാ എന്നായിരുന്നു. എനിക്ക് സ്പോർട്സ് അറിയില്ല എന്നു പറയുന്ന ഒരു മന്ത്രിയോട് ഞാൻ എന്തു പറയാനാണ്.
? ഖേലോ ഇന്ത്യ മാതൃക
ഖേലോ ഇന്ത്യ എന്ന കേന്ദ്രസർക്കാർ പദ്ധതി കായിക രംഗത്തെ വളർച്ചയ്‌ക്ക് വലിയ പ്രാധാന്യം നൽകുന്നതാണ്. അടിസ്ഥാന സൗകര്യവികസനത്തിനും പരിശീലന സൗകര്യ വികസനത്തിനുമാണ് ഇത് പ്രാധാന്യം നൽകുന്നത്. ഗ്രാസ്റൂട്ട് ലെവൽ വികസനമാണ് ഇത് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഖേലോ ഇന്ത്യയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരാണ്. അതിന്റെ ഗുണവും കാണുന്നുണ്ട്. ശരിയായ രീതിയിൽ ഖേലോ ഇന്ത്യ പദ്ധതി ഓരോ സംസ്ഥാനങ്ങളും നടപ്പിലാക്കുകയാണെങ്കിൽ വലിയ നേട്ടത്തിലേക്കെത്താനാകും. ഇത്രയും മികച്ച പദ്ധതിയോട് കേരളം മുഖം തിരിഞ്ഞുനിൽക്കേണ്ടകാര്യമില്ല. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ ലഭിച്ച പണം വക മാറ്റി ചെലവഴിച്ചത് നമുക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമല്ലേ. എല്ലാ സ്‌കൂളുകളിലും ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമാകേണ്ടതാണ്. ഇതിന്റെ ഭാഗമായാൽ ഓരോ കുട്ടിക്കും 10000 രൂപ വീതം ലഭിക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്കും ക്യാഷ് പ്രൈസ്.
? ഓപ്പറേഷൻ തൂഫാൻ
ബോബി ജോർജ്: ഓപ്പറേഷൻ തൂഫാൻ വളരെ നല്ല പ്രോജക്ടാണ്. നമ്മുടെ ഒരു തലമുറയെ രക്ഷിക്കാൻ ഇത്തരം പദ്ധതികൾ അനിവാര്യമാണ്. എന്നാൽ, ഓപ്പറേഷൻ തൂഫാന് നാം കൊടുക്കുന്ന എഫർട്ട് കായിക വികസനത്തിനു നൽകുകയും ധാരാളം കുട്ടികൾ സ്പോർട്സിലേക്കു വരികയും ചെയ്താൽ അതല്ലേ വലിയ മാറ്റം. സ്പോർട്സാണ് നാർക്കോട്ടിക്സിനെതിരേ ഏറ്റവും ഫലവത്തായി പ്രവർത്തിക്കുന്ന മണ്ഡലം. അച്ചടക്കത്തോടെ കായികം ചെയ്യുന്ന ഒരാളും വഴിപിഴച്ചുപോകില്ല. സ്പോർട്സിന്റെ അടിസ്ഥാന തത്വം തന്നെ അച്ചടക്കമാണ്, ആരോഗ്യമാണ്. അതുകൊണ്ട് കായികമേഖലയുടെ വളർച്ചയ്‌ക്കും വികസനത്തിനും കൂടുതൽ പ്രധാന്യം നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. യൂത്തിന്റെ ഊർജം സ്പോർട്സിലേക്കു തിരിച്ചുവിടാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് തൂഫാന് നാം ഇത്ര എഫേർട്ട് എടുക്കേണ്ടി വരുന്നത്. ഒരു നല്ല സമൂഹത്തിനുവേണ്ടുന്ന എല്ലാ ഊർജവും കാര്യക്ഷമതയും കായികത്തിനുണ്ട്.
? സ്പോർട്സ് സയൻസ്
അഞ്ജു: കായികം എന്നത് ഒരു സയൻസാണ്. അതുകൊണ്ട് അതേ പ്രാധാന്യത്തിൽ നാം അതിനെകാണണം. സ്പോർട്സിനു പ്രധാന്യം നൽകുന്ന രാജ്യങ്ങളൊക്കെ അത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓരോ ഇവന്റിന്റെയും സാങ്കേതികത മാറിക്കൊണ്ടിരിക്കുകയാണ്. ഞാൻ ലോങ് ജംപ് തുടങ്ങിയപ്പോഴുള്ള പരിശീലന രീതിയല്ല ഇപ്പോഴുള്ളത്. ഓരോരുത്തും ഓരോ വ്യക്തികളാണ്. അവരുടെ ശരീരഘടന വ്യത്യാസമുണ്ടാകും. അതിനാൽ ഓരോരുത്തർക്കും ഓരോ പരിശീലന രീതി എന്നതിലേക്ക് കാര്യങ്ങൾ മാറി. ഒരു അത്ലറ്റിക്സിനെ സംബന്ധിച്ച് ബയോ മെക്കാനിക്സ് വളരെ പ്രധാനപ്പെട്ടതാണ്. ഇനി
വലിയ ഒരു സമൂഹത്തിനായി കായികം പറഞ്ഞുകൊടുക്കേണ്ടതുണ്ട്. അതെങ്ങനെ? കൂടുതൽ റിസേർച്ചുകൾ വേണ്ട മേഖലയാണ് സ്പോർട്സും. ഒരു റോക്കറ്റ് വിടുന്നതിനു മുമ്പുള്ള പരീക്ഷണങ്ങൾ പോലെ. അത് മെഷാനാണ്. ഇത് മനുഷ്യനാണ്. കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഓരോരുത്തരെയും പഠനവിധേയമാക്കിക്കൊണ്ട് അവർക്കായി പദ്ധതികൾ ആവിഷ്‌കരിക്കുക വേണം. മറ്റൊന്ന് പരിശീലന ഉപകരണങ്ങളാണ്. ലോകമെമ്പാടുമുള്ള പരിശീലനകേന്ദ്രങ്ങളിൽ പുതിയ പുതിയ ഉപകരണങ്ങളെത്തി. പ്രത്യേകിച്ച് ജിം നേഷ്യങ്ങളിൽ നാം ഇപ്പോഴും പഴയ ഉപകരണങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് കാര്യമില്ല. പുതിയ ഉപകരണങ്ങൾ ഇവിടെയുമെത്തണം. ഒരു അമേരിക്കൻ ജംപിങ് താരം കഴിഞ്ഞ വർഷം ചെയ്തതുപോലെയാവില്ല ഈ വർഷം ചെയ്യുന്നത്. സാങ്കേതികതയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്താണ് തന്റെ പോരായ്‌മയെന്ന് കണ്ടെത്തി അത് ഒഴിവാക്കി അയാൾ ഈ വർഷം മെച്ചപ്പെട്ട പ്രകടനം നടത്തി. ഇത് ഇവിടെയും സാധ്യമാകണം. ഒരു അത്ലറ്റിന്റെ സാങ്കേതികതയിലെ മാറ്റങ്ങൾ ഓരോ മാസവും സംഭവിക്കണം.
ബോബി: കായികത്തിന് പ്രാധാന്യം നൽകുന്ന മറ്റ് രാജ്യങ്ങളിലെ മാറ്റങ്ങൾക്കനുസൃതമായി നാം മാറണം. അവിടെയുള്ള സ്പോർട്സ് യൂണിവേഴ്സിറ്റികളുമായി കൊളാബൊറേറ്റ് ചെയ്തുകൊണ്ട് പഠനവും റിസേർച്ചും ഉണ്ടാകേണ്ടതുണ്ട്. അതുവഴി നമുക്കും മെച്ചപ്പെടാനാകും. മറ്റ് വിഷയങ്ങളിൽ ഈ കൊളോബൊറേഷനുണ്ട്. അതുപോലെ സ്പോർട്സിലും വരണം.
? കേരളം മാറേണ്ടേ
ബോബി: കേരളം പോലെ പ്രകൃതി അനുഗ്രഹിച്ച സംസ്ഥാനം വേറെയില്ല. വായു മലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലം. ഹൈ ഓൾട്ടിറ്റിയൂഡിലും ലോ ഓൾട്ടിറ്റിയൂടിലും ബീച്ചിലും ഒക്കെ പരിശീലനം സാധ്യമാണ്. ഓരോ ജില്ലയിലും മൾട്ടി സ്പോർട്സ് സെന്ററുകൾ ഉയർന്നു വരേണ്ടതുണ്ട്. ഗ്രാസ് റൂട്ട് ലെവലിൽ ടാലന്റിനെ കണ്ടെത്താനുള്ള സ്‌കീമുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മികച്ചവരെ കണ്ടെത്തി ദേശീയ തലത്തിലേക്ക് അയയ്‌ക്കേണ്ടുന്ന ചുമതല സംസ്ഥാനത്തിന്റേതാണ്. അങ്ങനെ വരുന്ന താരങ്ങൾക്ക് ഉന്നത പരിശീലനം കേന്ദ്രസർക്കാർ ചെയ്തുകൊള്ളും. ടാലന്റിലെ കണ്ടെത്തുന്ന ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെയും അവരെ ഒളിമ്പിക് ലെവൽ അത്ലറ്റ് ആക്കി വളർത്തേണ്ടത് കേന്ദ്ര സർക്കാരിന്റെയും ഉത്തരവാദിത്വമാണ്.
അഞ്ജു: കേരളത്തിന് ഒരു കാലത്ത് കായിക സംസ്‌കാരമുണ്ടായിരുന്നു. എന്നാൽ, ഇന്ന് അത് ദൃശ്യമല്ല. കളിയിടങ്ങൾ ഇല്ലാതായി. നാം കളിച്ച പാടങ്ങളില്ല, സ്‌കൂൾ ഗ്രൗണ്ടുകളിൽ മറ്റുള്ളവർ കയറിയാൽ ഓടിക്കും. അതുകൊണ്ട സ്‌കൂൾ സമയം കഴിഞ്ഞതിനു ശേഷം ഗ്രൗണ്ടുകൾ സർക്കാർ ഏറ്റെടുത്ത് അവിടെ എല്ലാവർക്കും പരിശീലനത്തിനായി സൗകര്യങ്ങൾ കൊടുക്കുക. അത് മോണിറ്റർ ചെയ്യുകയും വേണം.
മതിൽ കെട്ടിത്തിരിച്ച വീടുകളാണ് എങ്ങും. ആ വീടുകളിൽ വീർപ്പുമുട്ടിയിരിക്കുന്ന കുരുന്നുകൾ.. എല്ലാവർക്കും കളിക്കാനുള്ള സൗകര്യമുണ്ടാകണം. ഓരോ പഞ്ചായത്തിലും ഒന്നിലധികം കളിയിടങ്ങൾ വരുന്നതിനെക്കുറിച്ച് ആലോചിക്കണം. ഓരോ പഞ്ചായത്തിനും ഓരോ കായിക ഇനങ്ങളിൽ പരിശീലനം നൽകാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക. ഫണ്ടിന്റെ ലഭ്യതയ്‌ക്ക് സ്വകാര്യസ്ഥാപനങ്ങളെയും ഉപയോഗിക്കാം. സ്‌കൂൾ മീറ്റുകൾ വലിയ പ്രാധാന്യത്തോടെ നാം കാണുന്നു, അവിടെ ധാരാളം അത്ലറ്റുകളുടെ ഉദയവുമുണ്ട്. എന്നാൽ, അവിസ്മരണീയ പ്രകടനത്തോടെ അവർ ദേശീയ തലത്തിൽ തിളങ്ങുന്നവർ വളരെ കുറവാണ്.
? സ്പോർട്സ് ബജറ്റ് വർധിപ്പിക്കേണ്ടേ
സംസ്ഥനത്തിന്റെയും കേന്ദ്രത്തിന്റെയും കായിക ബജറ്റിൽ മാറ്റം വരണം. ആവശ്യത്തിനു തുക മാറ്റിവയ്‌ക്കുന്നില്ല എന്നു മാത്രമല്ല, മാറ്റിവയ്‌ക്കുന്നത് നാമമാത്രമായതാണ്. നമ്മുടെ നാട്ടിൽ കായികം വളരണമെങ്കിൽ സർക്കാർ ഫണ്ട് മാത്രം പോരാ.. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഫണ്ടും വേണം.. അതിനായുള്ള ശ്രമം ഉണ്ടാകണം.
? ഹൈ പെർഫോമൻസ് സെന്ററിനെക്കുറിച്ച്
ബോബി: ഇന്ന് രാജ്യത്തെ ഏറ്റവും മികച്ചതും സൗകര്യപ്രദവുമായ കേന്ദ്രമാണ് അഞ്ജു ബോബി ഹൈ പെർഫോമൻസ് സെന്റർ. ഇത്തരത്തിലുള്ള സെന്ററുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഇവിടെയുണ്ട്. ലോകത്ത് എവിടെ ലഭിക്കുന്ന സൗകര്യവും ഇവിടെയുണ്ട്. ഏറ്റവും മികച്ച കാലാവസ്ഥ, വായുസഞ്ചാരം അങ്ങനെ എല്ലാ സ്വാഭാവിക സാഹചര്യവും ഈ സെന്ററിലുണ്ട്. ബാംഗ്ലൂരിന്റെ വലിയ തിരക്കിൽ നിന്നും മാറി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അഞ്ജു ബോബി ഹൈ പെർഫോമൻസ് സെന്റർ ഇവിടെ ഉണ്ടാക്കാൻ സാധിച്ചു എന്നത് വലിയ കാര്യമാണ്. ഇത്തരത്തിലുള്ള സെന്ററുകൾ കേരളത്തിലും സാധ്യമാണ്.
ഓണം ഓരോ വർഷവും നമ്മെ ഓർമിപ്പിക്കുന്നത് പ്രതീക്ഷകൾക്ക് കാലപരിധികളില്ലെന്ന സത്യമാണ്. അതുപോലെതന്നെ, ഒളിമ്പിക്‌സെന്ന സ്വപ്‌നവും ഒരു രാജ്യത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ യാഥാർഥ്യമായി മാറാനാകുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.
ഈ ഓണക്കാലത്ത് പൂക്കളം ഒരുക്കുമ്പോഴും ഓണസദ്യ പങ്കിടുമ്പോഴും നമുക്ക് മറ്റൊരു സ്വപ്‌നം കൂടി മനസ്സിൽ ചേർത്തുവെക്കാം. ലോകത്തിന്റെ കായികഭൂപടത്തിൽ ഒരു മത്സരാർഥിയായി മാത്രമല്ല, ആതിഥേയനായും ഇന്ത്യയുടെ പേര് എഴുതപ്പെടുന്ന ആ ദിനത്തെക്കുറിച്ചുള്ള സ്വപ്‌നം.
ഒരുപക്ഷേ, മാവേലിയുടെ സമത്വസങ്കൽപ്പവും ഒളിമ്പിക്‌സിന്റെ ഐക്യസന്ദേശവും ഒരേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ആ യാത്രയുടെ ലക്ഷ്യം ആഘോഷങ്ങളുടെ നിറവല്ല; മറിച്ച്, പുതിയ സാധ്യതകളിലേക്കും പുതിയ വിജയങ്ങളിലേക്കും തുറക്കുന്ന ഒരു വാതിലാണ്.
അഞ്ജുവും ബോബിയും ആ സാധ്യതകൾ തേടിയുള്ള യാത്രയിലാണ്. അഞ്ജു ബോബി ഹൈ പെർഫോമൻസ് സെന്ററിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അത്‌ലറ്റുകൾ പരിശീലനം നടത്തുന്നുണ്ട്. ഷൈലി സിംഗിനെപ്പോലെ നിരവധി ഷൗായലൃ െഅവരുടെ ഏറ്റവും മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ്. അവർ ലോകത്തിന്റെ നിറുകയിലെത്തുന്നതിനായി കാത്തിരിക്കാം..