• Mon. May 18th, 2026

24×7 Live News

Apdin News

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

Byadmin

May 18, 2026


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർധിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പെടെ ഒഴിവാക്കണമെന്നും ടി. ഗോപിനാഥൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലയ്‌ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ടി. ഗോപിനാഥൻ പറഞ്ഞു. ആശങ്കകൾ നാളെ തന്നെ മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് അറിയിക്കും. സർക്കാരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ടി. ഗോപിനാഥൻ പറഞ്ഞു.

ഈ പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല പൂർണ്ണമായി തകരുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. യാത്രക്കാരില്‍ 70 ശതമാനം വരുന്ന സ്ത്രീകള്‍ സൗജന്യബസ് തേടി പോകുമെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. സൗജന്യ യാത്ര കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കും. വരുമാനത്തിൽ വലിയ ഇടിവുണ്ടാകുകയും, നിലവിൽ പ്രതിസന്ധിയിലായ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കുമെന്നും ബസുടമകൾ പറയുന്നു.

ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശങ്ക അറിയിച്ച് ബസുടമകൾ രംഗത്ത് എത്തിയത്.



By admin