• Fri. Oct 23rd, 2026

24×7 Live News

Apdin News

സൗദി അറേബ്യയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് ഇന്ത്യ

Byadmin

Oct 23, 2026


ന്യൂദല്‍ഹി :ഹൂതികളുടെ ആക്രമണം മൂലം സൗദി അറേബ്യയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി, റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും ബന്ധപ്പെട്ട എയര്‍ലൈനുകളുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍, സൗദി അറേബ്യയില്‍ കുടുങ്ങിയ മൂവായിരത്തോളം ഉംറ തീര്‍ത്ഥാടകര്‍ ലഭ്യമായ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഇതിനു പുറമെ, നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പതിനായിരത്തിലധികം ഉംറ തീര്‍ത്ഥാടകരും കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള ഉംറ തീര്‍ത്ഥാടകരെയും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.

ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും, സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ, ആവശ്യമായ എല്ലാവിധ സഹായങ്ങളും നല്‍കിവരുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.കൃത്യമായ ഇടവേളകളില്‍ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും നല്‍കിവരുന്നു.

റിയാദിലെ ഇന്ത്യന്‍ എംബസിയിലുള്ള 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാന്‍ +966-554412016, +966-542126784 എന്നീ നമ്പറുകള്‍ ഉപയോഗിക്കാം. സൗദി അറേബ്യയ്‌ക്കുള്ളില്‍ നിന്ന് വിളിക്കാന്‍ 8002471234 എന്ന ടോള്‍ ഫ്രീ നമ്പറും, സന്ദേശങ്ങള്‍ അയക്കാന്‍ മാത്രമായി +966-536216082 എന്ന വാട്‌സാപ്പ് നമ്പറും ലഭ്യമാണ്. ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലിലുള്ള 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാന്‍ +966-12-2614093, +966-556122301 എന്നീ നമ്പറുകള്‍ ഉപയോഗിക്കാം. സന്ദേശങ്ങള്‍ അയക്കാന്‍ മാത്രമായി +966-536209704 എന്ന വാട്‌സാപ്പ് നമ്പറും ലഭ്യമാണ്.

ജിദ്ദ, മദീന, ദമ്മാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ചില വിമാന സര്‍വീസുകള്‍ തടസപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവ ഒക്ടോബര്‍ 24 വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആകാശ എയര്‍ ഈ മാസം 27 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

എന്നാല്‍, സൗദിയ , ഫ്‌ലൈനാസ് തുടങ്ങിയ മറ്റ് വിമാനക്കമ്പനികള്‍ വഴി യാത്ര ചെയ്യാന്‍ അവസരമുണ്ട്. അതേസമയം, യാത്ര ചെയ്യുന്നതിന് മുന്‍പ് വിമാന യാത്രാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും, സൗദി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, റിയാദിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പിന്തുടരാനും ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ എടുക്കുന്നതില്‍ നിന്നും വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും അത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

 

 

By admin