തിരുവനന്തപുരം; എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന് എൻ എസ് എസ് ആസ്ഥാനത്ത് ഊഷ്മള സ്വീകരണം. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് എൻ ഷംസുദ്ദീൻ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്. മന്ത്രിയായി ചുമതലയേറ്റെടുത്ത സമയം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മന്ത്രിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും, പെരുന്നയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
ജി. സുകുമാരൻ നായരുമായി സൗഹൃദ പൂർണ്ണമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് എൻ എസ് എസിന്റെ സംഭാവനകൾ നിസ്തുലമാണ്. സംസ്ഥാനത്ത് നിരവധി വിദ്യാലയങ്ങളും, കോളേജുകളും നല്ല നിലയിൽ നടത്തുന്ന സംഘടനയാണ് എൻ എസ് എസ്. ഇന്നത്തെ കാലഘട്ടത്തിലെ വിദ്യാഭ്യാസ രംഗത്തെ പല വിഷയങ്ങളും സുകുമാരൻ നായരുമായി ചർച്ച ചെയ്തതായും മന്ത്രി അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചത് ഏറ്റവും സന്തോഷകരമാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. മുസ്ലീം സമുദായവും, അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ എൻ എസ് എസ് ശ്രമിച്ചിട്ടില്ല ഇനി അങ്ങനെ ഉണ്ടാകുകയുമില്ല. എല്ലാ മതങ്ങളോടും എൻ എസ് എസിന് ഒരേ സമീപനമാണെന്നും അതിൽ കൂടുതൽ ഇഷ്ടം മുസ്ലിം സമുദായത്തോടാണെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.