പ്രയാഗ്‌രാജ് ; വിവാഹം, വിവാഹമോചനം, ഹലാല എന്നിവയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി .
അമ്രോഹയിലെ സൈദൻവാലി പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് . അഞ്ച് പ്രതികൾ സമർപ്പിച്ച നാല് ഹർജികൾ ജസ്റ്റിസ് ജെജെ മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒരുമിച്ച് പരിഗണിക്കുകയും അവയെല്ലാം തള്ളുകയും ചെയ്തു.2015 ഏപ്രിൽ 25 നാണ് 15 വയസുണ്ടായിരുന്ന പെൺകുട്ടിയെ അസ്ഹർ നവാസ് എന്ന യുവാവുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. വിവാഹശേഷം,അസ്ഹർ നവാസ് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങി.
2016 ജനുവരിയിൽ, അസ്ഹർ മുത്തലാഖ് ചൊല്ലി. കുറച്ച് മാസങ്ങൾക്ക് ശേഷം, അസ്ഹർ വീണ്ടും വിവാഹാഭ്യർത്ഥന നടത്തി, ഇതിനായി 2016 നവംബറിൽ, ബുലന്ദ്ഷഹറിലെ സിയാന പട്ടണത്തിൽ മൗലാന ഖയ്യുമുമായി ഹലാല നടത്താൻ പെൺകുട്ടിയെ നിർബന്ധിച്ചു. ഈ സമയത്ത്, പെൺകുട്ടിയെ നിർബന്ധിത ലൈംഗിക ബന്ധത്തിന് വിധേയമാക്കിയതായും പരാതിയുണ്ട്.
2017 ഏപ്രിലിൽ അവർ അസ്ഹറിനെ രണ്ടാമതും വിവാഹം കഴിച്ചു, 2018 ൽ ഒരു മകൾ ജനിച്ചു. 2021 ജനുവരിയിൽ അസ്ഹർ രണ്ടാമതും മുത്തലാഖ് ചൊല്ലി, തയാബ് അക്തർ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.പിന്നീട്, മകളുടെ സംരക്ഷണവും ജീവനാംശവും ഉറപ്പാക്കാൻ വേണ്ടി അസ്ഹർ പെൺകുട്ടിയെ വീണ്ടും ബന്ധപ്പെട്ടു. ഇത്തവണ, രണ്ടുതവണ വിവാഹമോചനം നേടിയതിനാൽ രണ്ട് തവണ ഹലാലയ്‌ക്ക് വിധേയയാകേണ്ടിവരുമെന്ന് അസ്ഹർ പറഞ്ഞു.
2025 ഫെബ്രുവരി 19 ന്, കൂട്ടുപ്രതികളായ ഷാനവാസ് ചൗധരിയും ഹക്കിം നിഷാത്തും ഹലാലയുടെ പേരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും, അതേ ദിവസം വൈകുന്നേരം “വ്യാജ നിക്കാഹ്” അരങ്ങേറി എന്നും, പെൺകുട്ടി പറയുന്നു . ഇരയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാബ് ഉൾപ്പെടെ മറ്റ് ആറ് പ്രതികൾക്കെതിരെയും കുറ്റം ചുമത്തി.
2016 ലെ മുത്തലാഖ് ശരിയത്ത് പ്രകാരം സാധുതയുള്ളതാണെന്നും നിക്കാഹ് ഹലാല ഇസ്ലാമിക നിയമത്തിൽ സാധുതയുള്ളതും അംഗീകൃതവുമായ ഒരു ആചാരമാണെന്നും മുതിർന്ന അഭിഭാഷകൻ ശശി കാന്ത് ശുക്ല വാദിച്ചു. എന്നാൽ ക്രിമിനൽ നിയമപ്രകാരം, കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ വ്യക്തിനിയമം ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ആദ്യ ഹലാല സമയത്ത് ഇര പ്രായപൂർത്തിയാകാത്ത ആളായിരുന്നു, അതിനാൽ പ്രഥമദൃഷ്ട്യാ അത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണ്, അതേസമയം രണ്ടാമത്തെ ഹലാല കൂട്ടബലാത്സംഗ കേസാണ് . ഹലാല ആചാരത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും, എഫ്‌ഐആറിൽ വിവരിച്ചിരിക്കുന്ന സാഹചര്യങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉം 21 ഉം പ്രകാരം ഉറപ്പുനൽകുന്ന അന്തസ്സിന്റെയും സമത്വത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.