
കേരളത്തിലെ ജനസംഖ്യ, തൊഴില്‍, കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെപ്പറ്റി സമഗ്രമായ പഠനങ്ങള്‍ നടത്തി സര്‍ക്കാരിന് ആവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ കൈമാറുന്ന സര്‍ക്കാര്‍ വകുപ്പാണ് കേരള സംസ്ഥാന ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്. വിശദമായ സ്ഥിതിവിവര ശേഖരണത്തിന്റെയും അനുബന്ധ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വകുപ്പ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 2024-ല്‍ സംസ്ഥാനത്ത് നടന്ന ജനന-മരണങ്ങളുമായി ബന്ധപ്പെട്ട കണക്കുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിക്കുകയും പ്രസിദ്ധീകരിക്കുകയുമുണ്ടായി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തിലെ ജനന-മരണങ്ങള്‍ ഏകദേശം കൃത്യമായിത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുകൊണ്ട് ഈ കണക്കുകള്‍ ആധികാരികം എന്നുതന്നെ പറയാം.
സംസ്ഥാനത്തെ ആകെ പ്രസവങ്ങളുടെ 98.33%വും ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലുമാണ് നടന്നത് എന്നതിനാല്‍ വിവരങ്ങള്‍ മിക്കവാറും കൃത്യമാണ്. പ്രസവങ്ങളില്‍ ഏതാണ്ട് 43.23% സിസേറിയനിലൂടെയാണ് നടന്നതെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. 25 വയസ്സിനും 29 വയസ്സിനും ഇടയിലുള്ള അമ്മമാരാണ് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്നും നവജാത ശിശുക്കളില്‍ 18.37% പേര്‍ക്ക് ജനന സമയത്ത് തൂക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഹിന്ദു ജനസംഖ്യയില്‍ സംഭവിക്കുന്ന അസ്വാഭാവിക വ്യതിയാനങ്ങള്‍ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മൊത്തം ജനനനിരക്ക് 2023-ല്‍ 11.06 ആയിരുന്നത് 2024 ആയപ്പോഴേക്കും 9.64 ആയി കുറഞ്ഞു. അതിനര്‍ത്ഥം കേരളത്തിലെ ജനനനിരക്ക് 2023-നേക്കാള്‍ 2024-ല്‍ 1.42 കുറഞ്ഞു എന്നാണ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക് (5.28). ഉയര്‍ന്ന ജനനനിരക്ക് ഇത്തവണയും മുന്‍വര്‍ഷങ്ങളിലേതുപോലെ മലപ്പുറം ജില്ലയിലാണ് (15.16). കേരളത്തിലെ ആകെ ജനന നിരക്ക് 9.64 ആണ് എന്നിരിക്കെയാണ് മലപ്പുറം ജില്ലയിലെ ജനന നിരക്കിലെ വര്‍ദ്ധനവും (5.52 കൂടുതല്‍) ആലപ്പുഴ ജില്ലയിലെ ജനന നിരക്കിലെ കുറവും (4.36 കുറവ്) ശ്രദ്ധേയമാകുന്നത്.
ഇതിനേക്കാള്‍ ആശങ്കാജനകമായി തോന്നുന്നത് മരണനിരക്കിലെ കണക്കുകളാണ്. 2023-ല്‍ രജിസ്റ്റര്‍ ചെയ്ത ആകെ മരണങ്ങള്‍ 3,04,286 ആയിരുന്നത് തൊട്ടടുത്ത വര്‍ഷമായ 2024 ആയപ്പോഴേക്കും 3,13,553 ആയി ഉയര്‍ന്നു. അതായത് 2023-ല്‍ 8.56 ആയിരുന്ന മരണനിരക്ക് ഒരു വര്‍ഷം കൊണ്ട് 8.77 ആയി വര്‍ദ്ധിച്ചു. മരണനിരക്കിന്റെ വ്യത്യാസം 0.21 വര്‍ദ്ധിച്ചതായി രേഖപ്പെടുത്തി കാണുന്നു. മരിച്ചവരില്‍ 54.59 ശതമാനം പേര്‍ പുരുഷന്മാരും 45.40 ശതമാനം സ്ത്രീകളുമാണ്. ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്ന ജില്ല കോട്ടയവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തുന്ന ജില്ല മലപ്പുറവുമാണ്. കോട്ടയത്തെ മരണനിരക്ക് 12.39-ഉം മലപ്പുറത്തെ മരണനിരക്ക് 5.24-ഉം ആണ്. ഏറ്റവും ഉയര്‍ന്ന ജനനനിരക്കും ഏറ്റവും താഴ്ന്ന മരണനിരക്കും മലപ്പുറം ജില്ലയിലാണ് എന്നുള്ളതാണ് ഈ കണക്കിലെ ഏറ്റവും വലിയ കൗതുകം.
ജനന-മരണങ്ങള്‍ മതാടിസ്ഥാനത്തിലും ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ മരണനിരക്ക് ജനന നിരക്കിനേക്കാള്‍ അസ്വാഭാവികമായ നിലയില്‍ ഉയര്‍ന്നുനില്‍ക്കുന്നതായി കാണാം. ഇതേ അവസ്ഥ തന്നെയാണ് ക്രൈസ്തവ വിഭാഗത്തിന്റേതും.
പഠന റിപ്പോര്‍ട്ട് പ്രകാരം, കേരളത്തില്‍ മരണനിരക്കിനേക്കാള്‍ ജനനനിരക്ക് കൂടുതലുള്ള ഏക മതവിഭാഗം മുസ്ലീങ്ങളാണ്.
2024ലെ ഈ റിപ്പോര്‍ട്ട് സൂക്ഷ്മമായി പഠിക്കുമ്പോള്‍ ഹിന്ദു ഭൂരിപക്ഷമുള്ള തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളെയും വടക്കന്‍ മലബാര്‍ മേഖലയിലെ ജില്ലകളെയും പ്രത്യേകമായി പഠിക്കേണ്ടിയിരിക്കുന്നു. മലബാര്‍ ജില്ലകളില്‍ ഉണ്ടാകുന്ന അസ്വാഭാവികമായ ജനസംഖ്യാ വര്‍ദ്ധനവും മരണത്തിലുണ്ടാകുന്ന അസ്വാഭാവിക കുറവും തിരുവിതാംകൂര്‍ മേഖലയിലെ ജനനത്തിലുണ്ടാകുന്ന അസ്വാഭാവിക കുറവും മരണത്തിലുണ്ടാകുന്ന വര്‍ദ്ധനവും പഠനവിധേയമാക്കേണ്ടതുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മരണം ജനനത്തേക്കാള്‍ വളരെ കൂടുതലായിരുന്നു. ഇടുക്കി ജില്ലയില്‍ മാത്രമാണ് ചെറിയ വ്യത്യാസം. 123 പേരുടെ വര്‍ദ്ധനവ് ഇടുക്കി ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2024-ലെ ജനന-മരണങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വളരെ പ്രകടമായ വര്‍ദ്ധനവ് ജനനനിരക്കില്‍ കാണാം. എന്നാല്‍ ഈ ജില്ലകളില്‍ മരണനിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തുന്നുണ്ട്.
ഈ അസന്തുലിതാവസ്ഥ ഭാവിയില്‍ സൃഷ്ടിക്കുന്ന സാമൂഹിക-രാഷ്‌ട്രീയ മാറ്റങ്ങളുടെ സൂചനയാണ് മലപ്പുറം ജില്ലയെ മൂന്നായി മുറിക്കണമെന്ന ആവശ്യം. 1969-ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനു ശേഷം നടന്ന 1971-ലെ ആദ്യ സെന്‍സസ് പ്രകാരം ഈ ജില്ലയിലെ ആകെ ജനസംഖ്യ 18,56,362 ആയിരുന്നു. ഇതേ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഹിന്ദു ഭൂരിപക്ഷമായ തിരുവനന്തപുരം ജില്ലയിലെ ആകെ ജനസംഖ്യ 21,93,558 ആയിരുന്നു. ഇതു കാണിക്കുന്നത് 1971-ല്‍ തിരുവനന്തപുരം ജില്ലയിലെ ജനസംഖ്യ മലപ്പുറത്തേക്കാള്‍ ഏകദേശം 3.37 ലക്ഷം കൂടുതലായിരുന്നു എന്നാണ്. എന്നാല്‍ 2025-ലെ ലഭ്യമായ ജനസംഖ്യാ അനുമാനക്കണക്ക് പ്രകാരം മലപ്പുറം ജില്ലയിലെ ജനസംഖ്യ 47.2 ലക്ഷവും തിരുവനന്തപുരം ജില്ലയിലേത് 34.3 ലക്ഷവുമാണ്. ഇതിന്‍പ്രകാരം മലപ്പുറം ജില്ലയില്‍ 1971-നെ അപേക്ഷിച്ച് ജനസംഖ്യ 154.3 ശതമാനം വര്‍ദ്ധിച്ചു (2.54 മടങ്ങ്). തിരുവനന്തപുരം ജില്ലയില്‍ 1971-നെ അപേക്ഷിച്ച് 2025-ല്‍ 56.4% മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂ (1.56 മടങ്ങ്).
ഏറ്റവും അവസാനം നടന്ന 2011-ലെ സെന്‍സസ് കണക്കുകളും 40 വര്‍ഷം മുന്‍പ് നടന്ന 1971-ലെ സെന്‍സസ് കണക്കുകളും താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ ജനസംഖ്യയിലെ വന്‍ ഇടിവും മുസ്ലിം ജനസംഖ്യയിലെ വന്‍ കുതിപ്പും കൃത്യമായി മനസ്സിലാക്കാം. സര്‍ക്കാര്‍ തന്നെ അംഗീകരിച്ച ഈ കണക്കുകള്‍ നല്‍കുന്ന സൂചന പ്രകാരം വരുംവര്‍ഷങ്ങളില്‍ കേരളത്തില്‍ അസ്വാഭാവികമായ രീതിയില്‍ ഹിന്ദു ജനസംഖ്യ കുറയും. 2011-ലെ ഔദ്യോഗിക സെന്‍സസ് പ്രകാരം കേരളത്തില്‍ 54.73% ഹിന്ദുക്കളാണ് ഉണ്ടായിരുന്നതെങ്കില്‍ മേല്‍ സൂചിപ്പിച്ച പ്രവണതകള്‍ വിരല്‍ ചൂണ്ടുന്നതും ചില ആധുനിക ജനസംഖ്യാ മാതൃകാ കണക്കുകള്‍ സൂചിപ്പിക്കുന്നതും വരും പതിറ്റാണ്ടില്‍ കേരളത്തിലെ ഹിന്ദു ജനസംഖ്യാ വിഹിതം വളരെയധികം താഴ്ന്ന് 45.5%-ല്‍ എത്തിയേക്കാം എന്നാണ്. എന്നാല്‍ 2011-ലെ സെന്‍സസ് പ്രകാരം 26.56% ആയിരുന്ന മുസ്ലിം ജനസംഖ്യ നിലവിലെ പ്രവണത തുടര്‍ന്നാല്‍ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ 35% വരെയായി വര്‍ദ്ധിക്കുമെന്ന് ചില പഠനങ്ങള്‍ പ്രവചിക്കുന്നു. കേരളത്തിലെ ഹിന്ദു വിഭാഗത്തിന്റെ പ്രജനന നിരക്ക് കുറവാണ് എന്നതും കേരളത്തില്‍ നിന്നുള്ള വലിയൊരു വിഭാഗം യുവസമൂഹം ഉന്നതപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്ക് സ്ഥിരമായി കുടിയേറുന്നതും, ഹിന്ദു യുവതീ-യുവാക്കള്‍ വിവാഹത്തിനോട് കാണിക്കുന്ന വിമുഖതയും, ഉയര്‍ന്ന വിവാഹപ്രായവുമാണ് പ്രധാനമായും ഹിന്ദു ജനസംഖ്യയുടെ കുറവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ചുരുക്കത്തില്‍ കേരളം ഹിന്ദുക്കള്‍ കുറയുന്ന അതിഭീകരമായ ഒരു സാഹചര്യത്തിലേക്ക് അതിവേഗം പോകുന്നതായി വേണം വിലയിരുത്താന്‍.