ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കം ഇനി ഒരിക്കലും പഴയതുപോലെയാകില്ലെന്നും ഈ സുപ്രധാന ജലപാത ടെഹ്‌റാൻ സ്വന്തം നിബന്ധനകൾക്ക് വിധേയമായി കൈകാര്യം ചെയ്യുമെന്നും ഇറാൻ. സ്വിറ്റ്‌സർലൻഡിൽ നടന്ന ചർച്ചകൾക്ക് ശേഷം മടങ്ങുന്നതിനിടെ ഇറാന്റെ മുഖ്യ പ്രതിനിധിയും ഇറാനിയൻ പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാക്കർ ഗാലിബാഫ് ആണ് ഈ പ്രസ്താവന നടത്തിയത്. ഹോർമുസ് കടലിടുക്കിന്റെ ഭരണം ഒരിക്കലും യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ചുവരില്ലെന്നും ഗാലിബാഫ് പറഞ്ഞു.
യുദ്ധത്തിന് മുമ്പുള്ളതുപോലെ ഹോർമുസ് ഉണ്ടാകില്ല
“യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമായി പറഞ്ഞവരിൽ ഒരാളാണ് ഞാൻ, ഹോർമുസ് കടലിടുക്കിന്റെ മാനേജ്മെന്റ് ഒരിക്കലും യുദ്ധത്തിന് മുമ്പുള്ളതുപോലെയാകില്ലെന്ന് എല്ലാവരും അറിയണമെന്ന്,”- സ്വിറ്റ്സർലൻഡിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു. കൂടാതെ സൈനിക നടപടിയിലൂടെയല്ല, നയതന്ത്രത്തിലൂടെ യുഎസ് ഉപരോധം നീക്കിയതിന് ഇറാനിയൻ ചർച്ചക്കാരെ ഗാലിബാഫ് പ്രശംസിച്ചു.”ഇത് സൈനികമായി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നെങ്കിൽ, വ്യക്തമായും യുദ്ധവും നഷ്ടങ്ങളും ഉണ്ടാകുമായിരുന്നു, പക്ഷേ ഉപരോധം ഒറ്റരാത്രികൊണ്ട് നീക്കിയതായി നിങ്ങൾ കണ്ടു,”- ഇറാനിയൻ സ്പീക്കർ പറഞ്ഞു.
ഇറാൻ ഒരിക്കലും അമേരിക്കക്കാരെ വിശ്വസിച്ചിട്ടില്ലെന്നും ഒരിക്കലും വിശ്വസിക്കില്ലെന്നും പറഞ്ഞുകൊണ്ട് വാഷിംഗ്ടണിനോടുള്ള അവിശ്വാസം അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. അമേരിക്കയുമായുള്ള ഭാവി ഇടപാടുകളിൽ ഇറാൻ ജാഗ്രത പാലിക്കുമെന്നും ലിബാഫ് കൂട്ടിച്ചേർത്തു.
ഹോർമുസിനായി ടെലിഫോൺ ഹോട്ട്‌ലൈൻ സ്ഥാപിക്കും
ഈ സുപ്രധാന കടൽ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളുമായി ബന്ധപ്പെട്ട് അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ തടയുന്നതിനും പരിഹരിക്കുന്നതിനുമായി ഒരു ടെലിഫോൺ ഹോട്ട്‌ലൈൻ സ്ഥാപിക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും ഗാലിബാഫ് പറഞ്ഞു.
എന്തെങ്കിലും അവ്യക്തതയോ പ്രശ്‌നങ്ങളോ ഉണ്ടായാൽ കപ്പലുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഒരു ടെലിഫോൺ ഹോട്ട്‌ലൈനും ഒരു ഹബ്ബും ഉൾപ്പെടെയുള്ള ഒരു ഏകോപന സംവിധാനം സ്ഥാപിക്കാൻ യുഎസും ഇറാനും സമ്മതിച്ചതായി ഗാലിബാഫ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
അമേരിക്കക്കാർക്ക് എന്തെങ്കിലും കാര്യങ്ങളിൽ എതിർപ്പുണ്ടെങ്കിൽ, അല്ലെങ്കിൽ ഒരു കപ്പലിന് ഒരു റൂട്ടിലോ മറ്റെന്തെങ്കിലുമോ വിശദീകരണം ആവശ്യമുണ്ടെങ്കിൽ, അവർക്ക് വിളിക്കാം.