തിരുവനന്തപുരം: കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന തളളി ടാറ്റ ഗ്രൂപ്പ് രംഗത്ത് വന്നതിന് പിന്നാലെ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി. മിഷന്‍ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചത്. ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
കപ്പല്‍ നിര്‍മ്മാണ യൂണിറ്റ് സംയുക്ത സംരംഭമാണ്. സംയുക്ത സംരംഭത്തില്‍ മലബാര്‍ സിമെന്റ്‌സും ടാറ്റയും ഉണ്ട്.വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന മൊത്തം നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചതെന്നാണ് വിശദീകരണം.
ഇതിന്റെ ഭാഗമായാണ് മലബാര്‍ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്സണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പല്‍നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍, മറൈന്‍ എഞ്ചിനീയറിംഗ്, തീരദേശ നിര്‍മ്മാണ യൂണിറ്റുകള്‍, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങള്‍ തുടങ്ങി അനുബന്ധ വ്യവസായങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്‌ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഔദ്യോഗികമായി നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ച കപ്പല്‍ നിര്‍മ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്നാണ് ടാറ്റ ഗ്രൂപ്പ് പറഞ്ഞത്.കേരളത്തിലെന്നല്ല ഒരിടത്തും കപ്പല്‍ നിര്‍മ്മാണ ശാലയ്‌ക്കായി നിലവില്‍ നിക്ഷേപം നടത്തുന്നില്ലെന്നും കമ്പനി അറിയിച്ചു.മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.