പത്തനംതിട്ടയിൽ 13കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദിച്ച എസ്ഐക്ക് സ്ഥലംമാറ്റം. സിഐക്ക് എതിരെയും ഉടൻ നടപടിയുണ്ടാകും. വകുപ്പുതല അന്വേഷണത്തിൽ കൂടൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി.
ഹൃദ്രോഗിയായ 20കാരൻ ആഭ്യന്തര മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഒരു ബന്ധവുമില്ലാത്ത കേസിൽ ചോദ്യംചെയ്യൽ എന്ന പേരിൽ കസ്റ്റഡിലെടുത്ത് മർദിച്ചുവെന്നായിരുന്നു പരാതി. കസ്റ്റഡി മർദന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 13 കാരിയുടെ വ്യാജ പരാതിയിലെ തുടർനടപടികളിൽ കൂടൽ പോലീസിന് വീഴ്ചപറ്റിയെന്നാണ് റിപ്പോർട്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കസ്റ്റഡി മർദനവും ശരിവെച്ചു. ഇതോടെയാണ് കൂടൽ എസ്ഐ ജയ്‌മോനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. കോന്നി സിഐക്കാണ് കൂടൽ പോലീസ് സ്റ്റേഷന്റെയും ചുമതല. സിഐക്കെതിരായ അച്ചടക്ക നടപടി ഡിഐജി തീരുമാനിക്കും.പത്ത് പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു 13കാരിയുടെ മൊഴി.
തുടർന്ന് രണ്ട് പോക്സോ കേസുകൾ കൂടൽ പോലീസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ പീഡനത്തിന് തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയച്ചു. പ്രണയനൈരാശ്യത്തെ തുടർന്ന് പെൺകുട്ടി കളവ് പറഞ്ഞെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ വിശദീകരണം.