ചെന്നൈ: ദക്ഷിണ മേഖലയെ ആദ്യ ഇന്നിങ്സിൽ 372 റൺസിന് പിന്നിലാക്കിയുള്ള തകർപ്പൻ ആധിപത്യത്തിലൂടെ ഈസ്റ്റ് സോൺ ദുലീപ് ട്രോഫി ചാമ്പ്യന്മാരായി. 13 വർഷത്തെ വരൾച്ചയ്ക്ക ശേഷമാണ് ഈസ്റ്റ് സോൺ വീണ്ടും ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിന്ന ഫൈനൽ മത്സരം സമനിലയിൽ കലാശിച്ചെങ്കിലും, ഒന്നാം ഇന്നിങ്സിൽ നേടിയ കൂറ്റൻ ലീഡിന്റെ കരുത്തിൽ ഈസ്റ്റ് സോൺ ചാമ്പ്യന്മാരാകുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ 708 റൺസ് നേടി എതിരാളികൾക്ക് മേൽ നേടിയ ആധിപത്യം ഈസ്റ്റ് സോൺ മത്സരത്തിലുടനീളം നിലനിർത്തി. അവസാന ദിനം 5 വിക്കറ്റിന് 212 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഈസ്റ്റ് സോൺ, 7 വിക്കറ്റിന് 388 റൺസ് എന്ന കൂറ്റൻ സ്കോറിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതോടെ സൗത്ത് സോണിന് മുന്നിൽ 760 റൺസിന്റെ അപ്രാപ്യമായ വിജയലക്ഷ്യമുയർത്തി ഈസ്റ്റ് സോൺ വിജയം ഉറപ്പിക്കുകയായിരുന്നു.
മിന്നിത്തിളങ്ങി മുഹമ്മദ് കൗനൈൻ ഖുറൈഷി
മത്സരത്തിന്റെ അവസാന ദിനത്തിൽ ഈസ്റ്റ് സോണിനായി മുഹമ്മദ് കൗനൈൻ ഖുറൈഷി കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 179 പന്തുകളിൽ നിന്ന് 116 റൺസ് നേടിയ ഖുറൈഷിയുടെ പ്രകടനം മധ്യനിരയെ സുരക്ഷിതമാക്കി. ഏഴാം വിക്കറ്റിൽ ഖുറൈഷിയും 64 റൺസെടുത്ത അനുകുൾ റോയിയും ചേർന്ന് പടുത്തുയർത്തിയ 150 റൺസിന്റെ കൂട്ടുകെട്ട് സൗത്ത് സോണിന്റെ തിരിച്ചുവരവ് പ്രതീക്ഷകളെ പൂർണ്ണമായി അവസാനിപ്പിച്ചു.
മറുവശത്ത് സൗത്ത് സോണിന്റെ ബൗളിങ് നിര ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. മുഹമ്മദ് സിറാജ് തന്റെ സ്പെല്ലുകളിൽ വേഗത നിലനിർത്തിയെങ്കിലും സഹതാരങ്ങളിൽ നിന്ന് കൃത്യമായ പിന്തുണ ലഭിച്ചില്ല. കരുൺ നായർ, മായങ്ക് അഗർവാൾ, ആർ. സായ് കിഷോർ തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കി ഇറങ്ങിയ സൗത്ത് സോണിന്റെ ടീം സെലക്ഷനെതിരെ കടുത്ത വിമർശനവും ഉയർന്നുവരുന്നുണ്ട്.
ക്യാപ്റ്റൻ ഇഷാൻ കിഷന്റെ നായകമികവ്
ടീമിന്റെ ഈ ഒത്തൊരുമയോടെയുള്ള വിജയത്തിന് പിന്നിൽ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ അവിസ്മരണീയ പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്സിൽ 270 റൺസിന്റെ ഡബിൾ സെഞ്ചുറി നേടി ഇഷാൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ, കുമാർ കുശാഗ്ര തന്റെ ആറാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയും (101) ശിഖർ മോഹൻ അർധസെഞ്ചുറിയും (85) നേടി. കൂടാതെ, പേസർ മുഹമ്മദ് ഷാമിയുടെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരം കൂടിയായിരുന്നു ഇത്.
ആദ്യ ഇന്നിങ്സിൽ തന്നെ രണ്ടുദിവസത്തോളം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ നേടുകയെന്ന തന്ത്രമാണ് തങ്ങൾ നടപ്പിലാക്കിയതെന്ന് മത്സരശേഷം ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷൻ വ്യക്തമാക്കി. ഒന്നാം ഇന്നിങ്സ് ലീഡ് കൈക്കലാക്കിയതോടെ അനാവശ്യമായി ധൃതിപിടിക്കാതെ സമയോചിതമായി കളി കൈകാര്യം ചെയ്യാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഇന്നിങ്സിൽ 336 റൺസിന് പുറത്തായ സൗത്ത് സോണിന് ഈസ്റ്റ് സോണിന്റെ കൂറ്റൻ റൺമലയ്ക്ക് മുന്നിൽ മറുപടിയില്ലാതെ മടങ്ങേണ്ടി വന്നു.