ഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്കൻ താരം മാത്യു ബ്രീഡ്സ്‌കേ. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടി ഏകദിനത്തിലെ ആദ്യ 14 ഇന്നിങ്‌സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് ബ്രീഡ്സ്‌കേ ക്രിക്കറ്റ് ലോകത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഏകദിനത്തിലെ ആദ്യ ഇന്നിങ്സിൽ നിന്നും 822 റൺസാണ് താരം അടിച്ചെടുത്തത്. പാകിസ്ഥാൻ താരം ഇമാം ഉൾ ഹഖിനെ മറികടന്നാണ് സൗത്ത് ആഫ്രിക്കൻ താരത്തിന്റെ കുതിപ്പ്. 769 റൺസായിരുന്നു ആദ്യ 14 ഇന്നിങ്സിൽ നേടിയിരുന്നത്.
ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയാണ് ബ്രീഡ്സ്‌കേ ഈ ചരിത്ര നേട്ടത്തിലേക്ക് നടന്നുകയറിയത്. 106 പന്തുകളിൽ നിന്നും 112 റൺസ് നേടിയാണ് ബ്രീഡ്സ്‌കേ തിളങ്ങിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഏകദിനത്തിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. രണ്ട് സെഞ്ച്വറിയും ആറ് അർധ സെഞ്ച്വറികളുമായാണ് ബ്രീഡ്സ്‌കേ നേടിയത്.
മത്സരത്തിൽ 67 റൺസിന്റെ വമ്പൻ വിജയമാണ് സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 41.2 ഓവറിൽ 230 റൺസിന് പുറത്തായി.
സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ കേശവ് മഹാരാജ് നാല് വിക്കറ്റുകൾ നേടി ഓസ്‌ട്രേലിയയെ എറിഞ്ഞു വീഴ്ത്തി. ബ്യോൺ ഫോർട്ടുയിൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി
ഓസ്‌ട്രേലിയൻ നിരയിൽ തിളങ്ങിയത് നായകൻ മിച്ചൽ മാർഷാണ്. 36 പന്തിൽ 60 റൺസ് നേടിയാണ് മാർഷ് തിളങ്ങിയത്. ഏകദിനത്തിൽ ടി-20 മോഡിലായിരുന്നു മാർഷിന്റെ വെടിക്കെട്ട്. 5 ഫോറുകളും 6 സിക്സുകളും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്. മിച്ചൽ മാർഷിന് പുറമെ മാറ്റ് റെൻഷാ 44 റൺസും കൂപ്പർ കൊണോലി 38 റൺസും ട്രാവിസ് ഹെഡ് 36 റൺസും സ്വന്തമാക്കി മികച്ച ചെറുത്തുനിൽപ്പ് നടത്തി.