തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനും ബോർഡംഗം അജികുമാറിനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). 2019നു പുറമേ 2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നുവെന്ന് എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
2025ലെ സ്വർണം പൂശലിന്റെ മറവിൽ ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠങ്ങളിൽ നിന്നാണ് സ്വർണം അപഹരിക്കപ്പെട്ടത്. ഇത്തരത്തിൽ സ്വർണം വീണ്ടും തട്ടിയെടുക്കാനും 2019ലെ സ്വർണക്കൊള്ള മറയ്‌ക്കാനുമാണ് 2025ൽ വീണ്ടും സ്വർണപ്പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2019ല്‍ ദ്വാരപാലകശില്‍പങ്ങളില്‍നിന്നും കട്ടിളപ്പടിയില്‍നിന്നുമാണ് സ്വര്‍ണം അപഹരിക്കപ്പെട്ടത്.
17-ാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗമായ 18-ാം പ്രതി എ.അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചു വയ്‌ക്കുന്നതിനു സഹായകരമായി ബോര്‍ഡ് ഉത്തരവ് ഇറക്കി. അതുമൂലം ദ്വാരപാലക താങ്ങുപീഠപാളികളില്‍നിന്നും വീണ്ടും സ്വര്‍ണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12–ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭം ഉണ്ടാക്കി നല്‍കി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണപ്പാളികൾ സന്നിധാനത്തുനിന്ന് കൊണ്ടുപോയത് വ്യാജ കരാർ ഉണ്ടാക്കിയാണ്. ഇതിനുള്ള എല്ലാ ഒത്താശയും ദേവസ്വം ബോർഡ് ചെയ്തെന്നുമാണ് എസ്ഐടിയുടെ ആരോപണം. പ്രശാന്തിനെയും അജികുമാറിനെയും റിമാൻഡ് ചെയ്യാനായി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.