• Fri. Nov 20th, 2026

24×7 Live News

Apdin News

2026 ലോകകപ്പിൽ ഓൺലൈൻ അധിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായത് അർജന്റീന; ഞെട്ടിക്കുന്ന കണക്കുകളുമായി ഫിഫ റിപ്പോർട്ട്

Byadmin

Nov 20, 2026


സൂറിച്ച്: 2026 ഫിഫ ലോകകപ്പിനിടെ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും ഇരയായ ദേശീയ ടീം മുൻ ചാമ്പ്യന്മാരായ അർജന്റീനയാണെന്ന് ഫിഫയുടെ ഔദ്യോഗിക റിപ്പോർട്ട്.

ലോക മാനസികാരോഗ്യ ദിനത്തിന് മുന്നോടിയായി ഫിഫ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. റഫറിമാരുടെ പക്ഷപാതം, അഴിമതി, വിദേശീയ വിദ്വേഷം (Xenophobia) തുടങ്ങിയ ആരോപണങ്ങളാണ് അർജന്റീനയ്ക്കെതിരെ പ്രധാനമായും ഉയർന്നത്.

1.71 കോടി പോസ്റ്റുകളിൽ ഫിഫയുടെ പരിശോധന

ടൂർണമെന്റ് നടന്ന ജൂൺ 9 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിൽ എക്സ് (X), ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് എന്നീ പ്ലാറ്റ്‌ഫോമുകളിലെ 1.71 കോടിയിലധികം (17.1 മില്യൺ) പോസ്റ്റുകളും കമന്റുകളുമാണ് ഫിഫയുടെ സോഷ്യൽ മീഡിയ പ്രൊട്ടക്ഷൻ സർവീസ് (SMPS) വിശകലനം ചെയ്തത്.

ഇതിൽ സംശയാസ്പദമായ 4,77,000 പോസ്റ്റുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി.

അതിൽ 2,40,000 എണ്ണം അധിക്ഷേപകരവും വിദ്വേഷപരവുമാണെന്ന് സ്ഥിരീകരിച്ചു.

അർജന്റീനയ്ക്ക് പിന്നാലെ ഇംഗ്ലണ്ടും സ്പെയിനും

ടീമുകളുടെ പട്ടികയിൽ അർജന്റീന ഒന്നാമതെത്തിയപ്പോൾ ഇംഗ്ലണ്ട് രണ്ടാമതും സ്പെയിൻ, ബ്രസീൽ, നോർവേ എന്നീ ടീമുകൾ തൊട്ടുപിന്നാലെയുമുണ്ട്.

റഫറിമാരിൽ നിന്നും ഫിഫയിൽ നിന്നും വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനത്തിൽ നിന്നും അർജന്റീനയ്ക്ക് അനാവശ്യ ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന ആരോപണങ്ങളാണ് ടീമിനെതിരായ സൈബർ ആക്രമണത്തിന് പ്രധാന കാരണമായത്.

താരങ്ങളിൽ മുന്നിൽ ഫ്രഞ്ച് താരങ്ങൾ

ടീമുകളുടെ കണക്കിൽ അർജന്റീനയാണ് മുന്നിലെങ്കിലും, വ്യക്തിഗതമായി ഏറ്റവും കൂടുതൽ സൈബർ അധിക്ഷേപം നേരിട്ടത് ഫ്രഞ്ച് താരങ്ങളാണ്. ഇംഗ്ലണ്ട്, പോർച്ചുഗൽ താരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളപ്പോൾ അർജന്റീന താരങ്ങൾ നാലാം സ്ഥാനത്താണ്.

റഫറിമാർക്ക് നേരെ കടുത്ത ഭീഷണി

സൈബർ ആക്രമണങ്ങളുടെ 20 ശതമാനവും വംശീയ അധിക്ഷേപങ്ങളായിരുന്നു. 14 ശതമാനം അക്രമാസക്തമായ ഭീഷണികളും 12 ശതമാനം വിദേശീയ വിദ്വേഷ പരാമർശങ്ങളുമാണ്.

ഏറ്റവും ഗുരുതരമായ അധിക്ഷേപ കേസുകളിൽ 71 ശതമാനവും മാച്ച് ഒഫീഷ്യൽസിന് (റഫറിമാർ) നേരെയായിരുന്നു. പല റഫറിമാരുടെയും സ്വകാര്യ വിവരങ്ങൾ ഓൺലൈനിലൂടെ പരസ്യപ്പെടുത്തുന്ന ‘ഡോക്സിംഗ്’ (Doxxing) രീതിയിലുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫിഫയുടെ സുരക്ഷാ സംവിധാനം നിരീക്ഷിച്ച വ്യക്തികളിൽ പകുതിയിലധികം പേർക്കും കുറഞ്ഞത് ഒരു അധിക്ഷേപ സന്ദേശമെങ്കിലും ലഭിച്ചിട്ടുണ്ട്. ഗുരുതരമായ വധഭീഷണിയും സുരക്ഷാ ഭീഷണിയും ഉയർത്തിയ അക്കൗണ്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ ഫിഫ നീക്കം തുടങ്ങിയിട്ടുണ്ട്.

പൊതുജനങ്ങളുടെ പൊതുവായ അഭിപ്രായത്തേക്കാൾ, സോഷ്യൽ മീഡിയയിൽ സംഘടിതമായി ഉയർന്ന വിദ്വേഷ ഉള്ളടക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നതെന്നും ഫിഫ വ്യക്തമാക്കി.







By admin