
പത്തനംതിട്ട: സംസ്ഥാനത്തെ 441 സഹകരണ സംഘങ്ങള്‍ നിക്ഷേപത്തുക തിരിച്ചു നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയില്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കോണ്‍ഗ്രസും സിപിഎമ്മും ഭരണം കൈയ്യാളുന്ന 441 സഹകരണ സംഘങ്ങള്‍ ഗുരുതര പ്രതിസന്ധിയിലാണെന്ന് കണ്ടെത്തിയത്. നിക്ഷേപം തിരിച്ചുകിട്ടാത്ത ആയിരക്കണക്കിന് സഹകാരികള്‍ സഹകരണ വകുപ്പിനു പരാതി സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുംകൊണ്ട് സഹകരണ സംഘങ്ങളെ കടക്കെണിയിലാക്കുന്ന ഭരണസമിതികള്‍ക്കെതിരെ നടപടിയെടുക്കാനോ അന്വേഷണം നടത്താന്‍ പോലുമോ പത്തുവര്‍ഷം കേരളം ഭരിച്ച പിണറായി സര്‍ക്കാരോ, ഇപ്പോള്‍ ഭരണം കൈയാളുന്ന വി.ഡി. സതീശന്‍ സര്‍ക്കാരോ ശ്രമിക്കുന്നില്ലെന്നതാണ് വിചിത്രം.
സാമ്പത്തിക തട്ടിപ്പുകളില്‍ ഏറെയും നടന്നിരിക്കുന്നത് ഇടത് ഭരണം നടക്കുന്ന സഹകരണ സംഘങ്ങളിലാണ്. എന്നാല്‍ ഇടതു ഭരണസമിതികള്‍ക്കെതിരെ മാത്രം നടപടി എടുക്കാന്‍ കഴിയില്ലെന്നതിനാലാണ് യുഡിഎഫ് സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നതെന്ന് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്ത സഹകരണ സംഘങ്ങളുടെ എണ്ണം വര്‍ഷംപ്രതി വര്‍ദ്ധിക്കുമ്പോഴും ഇക്കാര്യത്തില്‍ വിശദപഠനം നടത്താനോ അന്വേഷണത്തിന് ഉത്തരവിടാനോ സഹകരണ വകുപ്പ് തയ്യാറാകുന്നില്ല.
ഒറ്റപ്പെട്ട സംഭവമായി പരിഗണിച്ചുള്ള ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എപ്പോഴും ഉണ്ടാകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടുക്കിയിലും പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വടകരയിലും പണം തിരിച്ചുകിട്ടാതെ നിക്ഷേപകര്‍ ആത്മഹത്യ ചെയ്‌തിരുന്നു.
ഒരു സഹകരണ സംഘത്തിന്റെ സ്വന്തം ആസ്തി ഓഹരിയും ലാഭത്തില്‍ നിന്ന് മാറ്റിവെക്കുന്ന കരുതല്‍ ഫണ്ടുമാണ്. ലാഭം ഇല്ലാതാകുകയും നഷ്ടം സ്വന്തം ഫണ്ടിനേക്കാള്‍ കൂടുകയും ചെയ്യുന്ന ഘട്ടത്തിലാണ് സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപത്തുക മടക്കിനല്‍കാനാവാതെ വരുന്നത്. കരുതല്‍ ഫണ്ടിനേക്കാള്‍ എത്രയധികം നഷ്ടമുണ്ടാകുന്നോ അത്രയും തുകയുടെ നിക്ഷേപങ്ങള്‍ തിരിച്ചുകൊടുക്കാന്‍ പറ്റാത്ത സ്ഥിതിവരും. നിക്ഷേപത്തുക എടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കരുതെന്ന് സഹകരണസംഘം രജിസ്ട്രാര്‍ക്ക് സര്‍ക്കുലര്‍ ഇറക്കേണ്ടിവന്ന സംഭവങ്ങളുമുണ്ട്. സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതവും മൂലം സംഭവിക്കുന്ന നഷ്ടം കുറ്റക്കാരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടിയാലേ ഈ 441 സഹകരണ സംഘങ്ങളും രക്ഷപ്പെടൂ.