• Sat. Oct 17th, 2026

24×7 Live News

Apdin News

‘അമിത അളവിൽ സുഹൈൽ മദ്യപിച്ചു; പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കും’; പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും

Byadmin

Oct 17, 2026


അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനികൂപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിക്കും സുഹൃത്തുക്കൾക്കും ജാമ്യമില്ല. പ്രതികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികൾ ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും.

പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യ നിലനിൽക്കില്ലെന്നും പോലീസ് മുൻവിധിയോടെയാണ് ഈ വകുപ്പ് ചുമത്തിയതെന്നും പ്രതിഭാഗം വാദിച്ചു. ഒരു സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതും ഹെൽമെറ്റ് ധരിക്കാതിരുന്നതുമാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നും, സോഷ്യൽ മീഡിയയിലെ വാർത്തകൾ കേസന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

അപകട സമയത്ത് കാറോടിച്ച സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി പോലീസിന്റെ രക്തപരിശോധനയിലും കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലും തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച സുഹൈലിനെ തടയാൻ കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ശ്രമിച്ചില്ലെന്നതാണ് രണ്ടും മൂന്നും നാലും പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ, എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞ് കാറിലുണ്ടായിരുന്നവർ നാട്ടുകാരോട് തർക്കിച്ചതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.

By admin