തിരുവനന്തപുരം: ഓണക്കാല ഉത്സവബത്ത 6,000 രൂപയായി വർധിപ്പിച്ച് യുഡിഎഫ് സർക്കാർ. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്‍റെ അധ‍്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ആധാരം എഴുത്തുകാർ, പകർപ്പെഴുത്തുകാർ, സ്റ്റാമ്പ് അംഗങ്ങൾ, ക്ഷേമനിധി അംഗങ്ങൾ എന്നിവർക്ക് ബാധകമാണിത്.
6000ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഉത്സവബത്തയുടെ ആനുകൂല‍്യം ലഭിക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി. മുൻപ് 5500 രൂപയായിരുന്നു ഉത്സവബത്തയായി നൽകിയിരുന്നത്. 500 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അംഗങ്ങളുടെ മക്കൾക്ക് ഉന്നതവിദ‍്യാഭ‍്യാസ വായ്പ 3 ലക്ഷത്തിൽ നിന്നും 6 ലക്ഷമായും കൂട്ടിയിട്ടുണ്ട്.