• Thu. Nov 12th, 2026

24×7 Live News

Apdin News

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

Byadmin

Nov 12, 2026


ന്യൂഡൽഹി: ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലെ രസകരവും വ്യക്തിപരവുമായ അനുഭവങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. Belonging: A Journey of Love എന്ന ആത്മകഥയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഫ്രാൻസ് മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസി, ഡയാന രാജകുമാരി എന്നിവരുമായുള്ള കൂടിക്കാഴ്ചകളാണ് സോണിയ ഓർത്തെടുക്കുന്നത്. ലോകപ്രശസ്ത വ്യക്തികളുടെ ഔദ്യോഗിക മുഖത്തിനപ്പുറമുള്ള പെരുമാറ്റവും വ്യക്തിത്വവും തുറന്നുകാട്ടുന്ന ഓർമക്കുറിപ്പുകൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.

2000ൽ ഇന്ത്യ സന്ദർശിച്ച ബിൽ ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയാണ് സോണിയയുടെ ഓർമകളിൽ ശ്രദ്ധേയമായത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ക്ലിന്റണിനായി സംഘടിപ്പിച്ച വിരുന്നിനിടെ സന്നിഹിതരായ സ്ത്രീകളെ അദ്ദേഹം ഇടയ്ക്കിടെ ഒളിഞ്ഞുനോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി സോണിയ എഴുതുന്നു. മോണിക്ക ലെവിൻസ്കി വിവാദം അൽപം കെട്ടടങ്ങിയിരുന്നെങ്കിലും പഴയ ശീലങ്ങൾ അത്ര പെട്ടെന്ന് മാറില്ലെന്ന നിരീക്ഷണവും സോണിയ പങ്കുവയ്ക്കുന്നുണ്ട്.

2008ൽ ഇന്ത്യ സന്ദർശിച്ച നിക്കോളാസ് സർക്കോസിയുടെ അനുഭവങ്ങളും പുസ്തകത്തിലുണ്ട്. അന്ന് പങ്കാളിയായ കാർല ബ്രൂണിയെ ഒപ്പം കൊണ്ടുവരാതിരുന്ന സർക്കോസിയോട് വിവാഹത്തെക്കുറിച്ച് ഉപരാഷ്ട്രപതിയുടെ പത്നി ചോദിച്ചപ്പോൾ പ്രണയജീവിതത്തെക്കുറിച്ച് ആവേശത്തോടെ മറുപടി നൽകിയതും സോണിയ ഓർക്കുന്നു. പിന്നീട് വിവാഹിതരായ സർക്കോസിയെയും ബ്രൂണിയെയും കണ്ടപ്പോഴുള്ള അനുഭവങ്ങളും വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് ഇന്ത്യ എന്തുചെയ്യണമെന്ന തരത്തിൽ സർക്കോസി അഭിപ്രായങ്ങൾ പങ്കുവച്ചത് ധാർഷ്ട്യത്തോടെയായിരുന്നുവെന്ന വിമർശനവും സോണിയ ഉന്നയിക്കുന്നു.

എന്നാൽ ഡയാന രാജകുമാരിയെക്കുറിച്ചുള്ള ഓർമകൾ ഏറെ ഹൃദ്യമാണ്. 1981ൽ ചാൾസ് രാജകുമാരന്റെയും ഡയാനയുടെയും വിവാഹത്തിൽ രാജീവ് ഗാന്ധിക്കൊപ്പം പങ്കെടുത്ത സോണിയ, ഡയാനയുടെ ആകർഷകമായ വ്യക്തിത്വത്തെക്കുറിച്ച് വാചാലയാകുന്നു. 1992ൽ ഇന്ത്യ സന്ദർശിച്ച വേളയിൽ ഡയാന ഗാന്ധി കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയും സോണിയ വിവരിക്കുന്നുണ്ട്. ഇറ്റാലിയൻ ഭാഷ മാത്രമറിയാവുന്ന സോണിയയുടെ അമ്മയോട് ഡയാന ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ചതും യാത്ര പറഞ്ഞിറങ്ങുമ്പോൾ ‘ചാവോ, നോന്നാ’ എന്ന് വിളിച്ചതും സോണിയയുടെ മനസ്സിൽ മായാത്ത ഓർമയായി തുടരുന്നു.

വ്യക്തിജീവിതവും രാഷ്ട്രീയ അനുഭവങ്ങളും ലോകനേതാക്കളുമായുള്ള ബന്ധങ്ങളും കോർത്തിണക്കിയ ആത്മകഥ സോണിയ ഗാന്ധിയുടെ ജീവിതത്തിലെ അപൂർവ അനുഭവങ്ങളിലേക്കാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.

By admin