• Wed. Oct 7th, 2026

24×7 Live News

Apdin News

ജയസൂര്യ ചിത്രം ‘മായൻ’ പൂർത്തിയായി; ഡിസംബർ മൂന്നിന് ആഗോള റിലീസ്

Byadmin

Oct 7, 2026


ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രം ‘മായന്റെ’ ചിത്രീകരണം പൂർത്തിയായി. ‘കളങ്കാവലി’ന് ശേഷം ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമാണം.

അയർലൻഡ്, ഡെൻമാർക്ക്, കുട്ടിക്കാനം, വാഗമൺ, ഈരറ്റുപേട്ട എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഡിസംബർ മൂന്നിന് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തും. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാന്റസി, ത്രില്ലർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മായൻ’ എന്നാണ് സൂചന. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള ‘കറുത്തച്ചനൂട്ടി’നെപ്പറ്റി പരോക്ഷമായി പരാമർശിക്കുന്ന പോസ്റ്റ് പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ഉണർത്തിയിരുന്നു. എന്നാൽ, ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, മുബിൻ എം റാഫി, ജിബിൻ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. ‘കളങ്കാവൽ’ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി. സംഗീതം – മുജീബ് മജീദ്, എഡിറ്റിങ് – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ – രോഹിത്ത് ആർ നായർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – വി. ബോസ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. പിആർഒ – വാഴൂർ ജോസ്.

By admin