• Thu. Nov 26th, 2026

24×7 Live News

Apdin News

ജാതി സെൻസസ്, ബിരുദധാരികൾക്കും സ്ത്രീകൾക്കും സാമ്പത്തികസഹായം, പിഡിഎ കമ്മിഷൻ; SP പ്രകടനപത്രിക പുറത്ത്

Byadmin

Nov 26, 2026


ലഖ്‌നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സമാജ്‌വാദി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തൊഴിൽ, വിദ്യാഭ്യാസം, കർഷകക്ഷേമം, സാമൂഹികനീതി, പിഡിഎ (പിന്നാക്കക്കാർ, ദളിത്, ന്യൂനപക്ഷങ്ങൾ) വിഭാഗത്തെ ലക്ഷ്യമിട്ടുള്ള സമീപനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളത്.

അച്ഛേ ദിൻ എന്ന വാഗ്ദാനം യാഥാർഥ്യമാകാത്തതിനാലാണ് ഭരണഘടനാദിനമായ നവംബർ 26, പ്രകടനപത്രിക പുറത്തിറക്കാൻ തിരഞ്ഞെടുത്തതെന്ന് ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് അഖിലേഷ് പറഞ്ഞു. ‘ഭരണഘടനാ ദിനത്തിലാണ് നാം ഒത്തുചേർന്നിരിക്കുന്നത്. ‘അച്ഛേ ദിൻ’ (നല്ല ദിനങ്ങൾ) ഒരിക്കലും വന്നില്ല. എന്നാൽ ‘ബുരേ ദിൻ’ (ദുരിതത്തിന്റെ ദിനങ്ങൾ) അവസാനിക്കാനിരിക്കുകയാണ്. അതുകൊണ്ടാണ് ഇന്ന് ഞങ്ങൾ പ്രകടനപത്രിക പുറത്തിറക്കുന്നത്. അധികാരത്തിൽനിന്ന് പുറത്താക്കപ്പെടാൻ പോകുകയാണെന്ന് അവർക്കറിയാം. അതിനാൽ അവരുടെ ഭാഷയും മാറിയിരിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ, റിക്രൂട്ട്‌മെന്റ് പരീക്ഷകളിലും പൊതുപരീക്ഷകളിലും സുതാര്യത ഉറപ്പുവരുത്തൽ തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിലുണ്ട്. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് ജോലി ലഭിക്കുംവരെ പ്രതിമാസം അയ്യായിരം രൂപയുടെ സാമ്പത്തിക സഹായം, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽദിനങ്ങൾ ചുരുങ്ങിയത് 150 ആക്കും, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ 25 ലക്ഷം സർക്കാർ ജോലികൾ സൃഷ്ടിക്കുക, മറ്റ് മേഖലകളിലായി 2-3 ലക്ഷം യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ വാഗ്ദാനങ്ങളും എസ്പിയുടെ പത്രികയിലുണ്ട്.

2028-ഓടെ ജാതി സെൻസസ് നടപ്പാക്കും, കാർഷിക വായ്പ പൂർണമായും എഴുതിത്തള്ളും, ഗാർഹിക ഉപയോക്താക്കൾക്ക് മുന്നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി, പിഡിഎ സാമൂഹിക നീതി കമ്മിഷൻ സ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ സാമ്പത്തിക സഹായം നൽകുമെന്നും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം അനുവദിക്കുമെന്നും എസ്പി വ്യക്തമാക്കുന്നു. 

By admin