• Sun. Oct 18th, 2026

24×7 Live News

Apdin News

ഡൽഹിയിൽ സമരച്ചൂട് അടങ്ങുന്നില്ല: നിലയ്ക്കാത്ത പോരാട്ടം; സമരമുഖരിതമായി രാജ്യതലസ്ഥാനം

Byadmin

Oct 18, 2026



ഡൽഹിയിൽ സമരച്ചൂട് അടങ്ങുന്നില്ല: നിലയ്ക്കാത്ത പോരാട്ടം; സമരമുഖരിതമായി രാജ്യതലസ്ഥാനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഇന്നും ശക്തമായി തുടരുന്നു. പൊലീസ് വിലക്ക് ലംഘിച്ച് തിരംഗ മാർച്ചിന് ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് സ്പെഷ്യൽ എക്സിക്ലൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. വിദ്യാർഥിനികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇടത് വനിതാ സംഘടനകൾ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വലിയ ജനരോഷമാണ് ഇരമ്പിയത്.

ഡൽഹി പ്രക്ഷോത്തിനിടെ വനിതാ പ്രവർത്തകർക്കും വനിതാ മാധ്യമപ്രവർത്തകർക്കും നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടനകൾ നടത്തിയ മാർച്ചിലും ജനരോഷം ഇരമ്പി. ജനാധിപത്യ മഹിളാ അസോസിയേഷൻ, ദേശീയ മഹിളാ ഫെഡറഷൻ, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് ആസ്ഥാനതെത്തി നിവേദനം നൽകാൻ നേതാക്കൾക്ക് പൊലീസ് ആദ്യം അനുമതി നൽകിയില്ല. ഉദ്യോഗസ്ഥർ അവധിയിലെന്നായിരുന്നു തടസവാദം. ഇതൊടെ പ്രതിഷേധക്കാർ അശോക റോഡ് ഉപരോധിച്ചു.

റോഡിൽ വച്ചു നിവേദനം നൽകി ഫോട്ടോ എടുത്ത് മടങ്ങിക്കോളൂ എന്ന് അഡീഷണൽ ഡിസിപി പറഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രസ്താവനയിൽ മാപ്പ് പറഞ്ഞ അഡീഷണൽ ഡിസിപി പിന്നീട് വനിതാ സംഘടന പ്രതിനിധികൾക്ക് പൊലീസ് ആസ്ഥാനത്ത് പ്രവേശിച്ചു നിവേദനം നൽകാൻ അനുമതി നൽകി. ഡൽഹി പൊലീസ് കമ്മീഷണറുമായി രണ്ടു ദിവസത്തിനുള്ളിൽ കൂടിക്കാഴ്ച അനുവദിക്കാമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്നലെ തിരംഗ മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിൽ തടങ്കലിൽ വച്ചിരിക്കുകയായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ ഐസ നേതാവ് നേഹ ബോറയെ രാവിലെ വിട്ടയച്ചിരുന്നു. നിയമങ്ങളും വ്യവസ്ഥകളും പാലിക്കാതെയാണ് നേഹയടക്കം സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രക്ഷോഭകരെ രാത്രി മുഴുവൻ പൊലീസ് കസ്റ്റഡിയിൽ വച്ചത്.

ഇതിനിടെ ഡൽഹി പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ വരുന്ന മാധ്യമപ്രവർത്തകർ ഫസ്റ്റ് എയിഡ് കയ്യിൽ കരുതണമെന്ന് ഡൽഹി പൊലീസ് നിർദേശിച്ചു. പൊലീസുമായി തർക്കിക്കരുത് പ്രതിഷേധക്കാർക്ക് ഇടയിലേക്ക് പോകരുത് എന്നതടക്കം താക്കീതിൻ്റെ സ്വരത്തിലാണ് പൊലീസ് നിർദേശങ്ങൾ.ഗ്യാനേഷ് രാജി വയ്ക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി പോഡ്കാസ്റ്റിൽ ആവർത്തിച്ചു.

ഡൽഹി സമരത്തിന് പിന്തുണയുമായി എഴുത്തുകാരൻ സൽമാൻ റുഷ്ദിയും സംവിധായിക മീരാനായരും എത്തിയതും ശ്രദ്ധേയമായി. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഇരുവരും സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യൻ യുവാക്കളുടെ പ്രതിഷേധം പ്രതീക്ഷ പകരുന്നുവെന്ന് സൽമാൻ റുഷ്ദി പറഞ്ഞപ്പോൾ പാറ്റകളുടെ അമ്മയെന്നാണ് മീരാ നായർ സ്വയം വിശേഷിപ്പിച്ചത്. കുട്ടികൾ ദേശീയ പതാക ഉയർത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പേടിക്കുന്നത് എന്തിനെന്ന് നടൻ പ്രകാശ് രാജ് ചോദിച്ചു. കൂടുതൽ വലിയ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ് പ്രതിപക്ഷമുന്നണിയും സിജെപിയും.

By admin