കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്‌പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഹൈക്കോടതി നിന്ന് ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും ഡിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കാത്തതിന് നിരന്തരം വിമർശനം നേരിടേണ്ടി വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി സുധീര്‍ കല്ലന്‍ സര്‍വീസില്‍ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ സമ്പൂര്‍ണ പരാജയമാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് നിധിന്‍രാജ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. ഒന്നാം പ്രതി ഡോ. റാം അന്നു മുതല്‍ ഒളിവിലായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തെങ്കിലും അന്നു തന്നെ ജാമ്യം കിട്ടുന്ന അവസ്ഥയും പൊലീസ് സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് പൊലീസ് നേരിട്ടത്.