നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി. ശ്രീകുമാറിന്‍റെ ശബ്‍ദത്തിൽ എത്തിയിരിക്കുന്ന ‘മാന്ത്രികം’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ആദ്യമായാണ് എം.ജി ശ്രീകുമാർ നിവിൻ പോളിക്കായി പാടിയിരിക്കുന്നത്. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും.
ട്രെയിനിറങ്ങി പ്ലാറ്റ്‌ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന ചിത്രവുമായി അടുത്തിടെ ചിത്രത്തിലെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടിരുന്നത് ഏവരും ഏറ്റെടുത്തിരുന്നു. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിയുത്സവം തന്നെ തീർക്കുമെന്നാണ് പ്രതീക്ഷ.
‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സിനിമയുടെ സംവിധായകൻ. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബത്‍ലഹേം കുടുംബ യൂണിറ്റി’ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.