• Wed. Nov 25th, 2026

24×7 Live News

Apdin News

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

Byadmin

Nov 25, 2026


ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ ഡെൽഹി വിമാനത്താവളത്തിൽ തടഞ്ഞെന്നാണ് ആരോപണം.

ഓക്‌സ്‌ഫഡ് സർവകലാശാലയിൽ പ്രഭാഷണം നടത്താൻ പോകുന്നതിനിടെ ഇമിഗ്രേഷൻ കൗണ്ടറിൽ തടഞ്ഞുവെച്ചെന്ന് സൗരവ് എക്സിൽ കുറിച്ചു. ഇന്ത്യൻ ഭരണഘടനയുടെ നിരവധി കോപ്പികൾ കൈവശമുണ്ടായിരുന്നു. യുകെയിലുള്ള സുഹൃത്തുക്കൾക്ക് സമ്മാനമായി കൊണ്ടുപോയതാണെന്നും എന്നാൽ, ഒരു ഭീരു യാത്ര തടഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

സിജെപിയുടെ വളർച്ചയിൽ കേന്ദ്രസർക്കാറിനുണ്ടായ അസ്വസ്ഥതയാണ് യാത്ര തടയാനിടയാക്കിയതെന്ന് അഭിജീത് ദിപ്‌കെ ആരോപിച്ചു. 2019-ൽ ഇതേ സർക്കാർ അനുവദിച്ച പാസ്‌പോർട്ട് ഉപയോഗിച്ച് സൗരവ്ദാസ് രണ്ടുതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. അന്നൊന്നും പാസ്‌പോർട്ടിൽ അപാകത കണ്ടെത്തിയിരുന്നില്ല. സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായ ശേഷമാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അഭിജിത്ത് ദിപ്കേ പറഞ്ഞു.

യാത്ര തടയുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് തിങ്കളാഴ്ച രാത്രി വൈകിയാണ് നൽകിയതെന്നും മറുപടിക്കുള്ള സമയംപോലും അനുവദിക്കാത്ത തരത്തിലായിരുന്നു നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെപ്പോലെ തട്ടിപ്പ് നടത്തിയിരുന്നെങ്കിൽ വിദേശയാത്രയ്ക്ക് വിഐപി അനുമതി ലഭിക്കുമായിരുന്നുവെന്നും ഇവർക്ക് രാജ്യം വിടാൻ അവസരം നൽകിയ സർക്കാർ ഒരു നിരപരാധിയായ യുവാവിനെ തടയുകയാണെന്നും ദിപ്‌കെ വിമർശിച്ചു. അംബേദ്കറുടെയും ഗാന്ധിയുടെയും ആശയങ്ങൾ വിദേശരാജ്യങ്ങളിലെത്തിക്കുന്നതിൽനിന്ന് ഇന്ത്യൻ യുവാക്കളെ തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ദിപ്‌കെ ആരോപിച്ചു.

നവംബർ 26ന് നാഗ്പുരിൽ ‘ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സോനം വാങ്ചുക്കിന്റെ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിയെയും ദിപ്‌കെ വിമർശിച്ചു. വാങ്ചുക്കിനെ വീട്ടുതടങ്കലിലാക്കുകയും സ്കൂളിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തത് വിദ്യാഭ്യാസത്തെ ബാധിക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

By admin