വാഹന ഉടമകൾ തങ്ങളുടെ ഗതാഗത റെക്കോർഡുകൾ പതിവായി പരിശോധിക്കണമെന്നും, പിഴത്തുക വലിയ തുകയായി കുന്നുകൂടുന്നതിന് മുൻപ് അടച്ചുതീർക്കണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വലിയ തുക പിഴ കുടിശ്ശികയുള്ളതും, ദീർഘകാലമായി രജിസ്ട്രേഷൻ പുതുക്കാത്തതുമായ വാഹനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കിയതായി ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ പറഞ്ഞു.
അഞ്ഞൂറോളം വാഹനങ്ങൾ പിടിച്ചെടുത്തു
ഈ വർഷത്തെ ആദ്യ പകുതിയിൽ നടത്തിയ പരിശോധനകളിൽ 497 വാഹനങ്ങൾ പിടിച്ചെടുത്തതായി ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി. പിടിച്ചെടുത്ത ചില വാഹനങ്ങൾക്ക് പതിനായിരക്കണക്കിന് ദിർഹമിന്റെ പിഴ കുടിശ്ശികയുണ്ടായിരുന്നു, ചിലതാകട്ടെ വർഷങ്ങളായി രജിസ്ട്രേഷൻ പുതുക്കാത്തവയുമായിരുന്നു.
പിഴ അടയ്ക്കാതിരിക്കുന്നതും രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഓടിക്കുന്നതും ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയ്ക്കും വാഹനം പിടിച്ചെടുക്കുന്നതിനും മറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ ഓടിക്കുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇത്തരം വാഹനങ്ങൾ റോഡിലിറക്കാൻ അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുന്ന സാങ്കേതിക പരിശോധനകൾക്ക് വിധേയമായിട്ടുണ്ടാകില്ല. ഗതാഗത പിഴകൾ വെറുമൊരു ശിക്ഷാ നടപടിയല്ല, മറിച്ച് അപകടകരമായ ഡ്രൈവിംഗ് തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നറിയിപ്പുകളോട് പ്രതികരിക്കാൻ ഉടമകളോട് അഭ്യർത്ഥന
നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ്, ഫോൺ കോളുകൾ, എസ്.എം.എസ്, ഇമെയിൽ എന്നിവ വഴി വാഹനാുടമകളെ ബന്ധപ്പെട്ട് പിഴ അടയ്ക്കാനും രജിസ്ട്രേഷൻ പുതുക്കാനും ആവശ്യപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഹനം പിടിച്ചെടുക്കുക എന്നതിലുപരി വാഹനമോടിക്കുന്നവരെ തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.
കുടിശ്ശികയുള്ള വാഹനങ്ങൾ കണ്ടെത്താൻ ദുബായ് പൊലീസ് സ്മാർട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. റോഡുകളിലും പാർക്കിംഗ് ഏരിയകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമുള്ള ഇത്തരം വാഹനങ്ങൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഈ സംവിധാനത്തിന് സാധിക്കും.
ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം
പിഴകളും രജിസ്‌ട്രേഷനും സംബന്ധിച്ച പ്രധാന അറിയിപ്പുകൾ ലഭിക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (RTA) നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ബിൻ സുവൈദാൻ അഭ്യർത്ഥിച്ചു.
ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പ്, വെബ്‌സൈറ്റ്, സെൽഫ് സർവീസ് ക്യോസ്കുകൾ, സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ എന്നിവ വഴി പിഴ പരിശോധിക്കാനും അടയ്ക്കാനും സാധിക്കും.
ഇതിനുപുറമെ, പിഴത്തുക ഗഡുക്കളായി (instalments) അടയ്ക്കാനുള്ള സൗകര്യവും ദുബായ് പൊലീസ് നൽകുന്നുണ്ട്. ‘തബി’ (Tabby) സേവനത്തിലൂടെയും, അംഗീകൃത പങ്കാളി ബാങ്കുകൾ വഴിയുള്ള പലിശരഹിത ഗഡു പദ്ധതികളിലൂടെയും (interest-free instalments) തുക തിരിച്ചടയ്ക്കാം. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ദിനംപ്രതിയുള്ള ഉത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.