• Fri. Jul 10th, 2026

24×7 Live News

Apdin News

മഹലിംഗം മായുന്നു! അമർനാഥ് യാത്ര തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ബാബ ബർഫനി 90 ശതമാനവും അപ്രത്യക്ഷമായി!

Byadmin

Jul 10, 2026


ശ്രീനഗർ: ഈ വർഷത്തെ അമർനാഥ് തീർഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഗുഹാക്ഷേത്രത്തിലെ പ്രശസ്തമായ ഹിമലിംഗം ‘ബാബ ബർഫനി’ 90 ശതമാനത്തിലേറെയും ഉരുകിത്തീർന്നതായി റിപ്പോർട്ട്. ജൂലൈ മൂന്നിനാണ് ഇത്തവണത്തെ തീർഥാടനം ആരംഭിച്ചത്. 60 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടന കാലയളവിൽ മഞ്ഞിൽ സ്വയംഭൂവായി രൂപപ്പെടുന്ന ശിവലിംഗം ദർശിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ എത്താറുണ്ട്. എന്നാൽ ഇത്തവണ തീർഥാടനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിമലിംഗം അപ്രത്യക്ഷമായി തുടങ്ങിയത് ഭക്തരെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

സാധാരണയായി ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപംകൊള്ളുന്ന ഹിമലിംഗം പൗർണമി നാളിലാണ് പൂർണ്ണരൂപത്തിൽ എത്താറുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ദർശനം നൽകാറുള്ള ഈ ഹിമലിംഗത്തിന് ആറടിയിലധികം ഉയരമുണ്ടാകും. ദേവന്മാരുടെ പ്രാർത്ഥനപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ ഭക്തരെ അനുഗ്രഹിക്കാൻ നിലകൊള്ളുന്നുവെന്നാണ് വിശ്വാസം. സമുദ്രനിരപ്പിൽ നിന്നും 3888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമർനാഥിലേക്ക് പഹൽഗാമിൽ നിന്ന് 48 കിലോമീറ്ററും ബാൽത്താളിൽ നിന്ന് 14 കിലോമീറ്ററുമാണ് ദൂരം.

ഇത്തവണത്തെ തീർഥാടകരുടെ എണ്ണത്തിൽ വലിയ റെക്കോർഡാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജമ്മു കശ്മീർ ഭരണകൂടം വ്യക്തമാക്കുന്നതിനിടയിലാണ് ഹിമലിംഗം ഉരുകിയെന്ന വാർത്ത പുറത്തുവരുന്നത്. ആദ്യ നാല് ദിവസത്തിനുള്ളിൽ മാത്രം 93,000 പേരാണ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തിയത്. വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും വ്യക്തമാക്കിയിരുന്നു. പഹൽഗാം, ബാൽത്താൾ പാതകളിലൂടെ ഒരു ദിവസം പതിനായിരം പേർക്ക് വീതമാണ് അമർനാഥ് ക്ഷേത്ര ബോർഡ് യാത്രാ അനുമതി നൽകിയിരിക്കുന്നത്.

അതേസമയം, കശ്മീരിലെ അനിയന്ത്രിതമായ വനനശീകരണം, അനധികൃത ഖനനം, മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ, ജലനിരപ്പിലെ കുറവ് എന്നിവ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രതിസന്ധിക്ക് കാരണണമെന്ന് പിഡിപി നേതാവ് ഇൽത്തിജ മുഫ്തി കുറ്റപ്പെടുത്തി. കശ്മീരിന് ഇപ്പോൾ ആവശ്യം ദീർഘകാല സുസ്ഥിര പരിസ്ഥിതി-ടൂറിസം നയമാണെന്നും അല്ലാത്തപക്ഷം താഴ്‌വരയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ആഗോളതലത്തിൽ മറ്റ് പർവതനിരകളെ അപേക്ഷിച്ച് ഹിമാലയത്തിൽ അതിവേഗം മഞ്ഞുരുകുന്നുണ്ടെന്ന് ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രപരിസരത്ത് നടക്കുന്ന വൻതോതിലുള്ള വികസന പ്രവർത്തനങ്ങൾ ഇതിന് ആക്കം കൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റോഡുകളുടെ വീതി കൂട്ടുകയും ഭക്തർക്കായുള്ള താൽക്കാലിക താമസസൗകര്യങ്ങളും പൊതു അടുക്കളകളും ക്ഷേത്രത്തിന് തൊട്ടടുത്തേക്ക് മാറ്റുകയും ചെയ്തു. കൂടാതെ വൈദ്യുതി-സോളാർ വിളക്കുകൾ സ്ഥാപിച്ചതും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നതും അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ അനുമതി നൽകിയ പുതിയ റോപ്‌വേ പദ്ധതിയും, അണിയറയിൽ ഒരുങ്ങുന്ന ശേഷ്നാഗ്-പഞ്ചതരണി തുരങ്കവും യാഥാർത്ഥ്യമായാൽ അത് ഈ മേഖലയിൽ വലിയ പാരിസ്ഥിതിക നാശത്തിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

By admin