യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും മികച്ച വിമാനത്താവള അനുഭവവും ഉറപ്പാക്കുന്നതിനായി അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡ് (AAHL) എട്ട് വിമാനത്താവളങ്ങളിലായി അദാനി റിവാർഡ്‌സ് പുതിയ അംഗത്വ പദ്ധതി അവതരിപ്പിച്ചു.
അദാനി വൺ ആപ്പുമായി സംയോജിപ്പിച്ചിട്ടുള്ള പദ്ധതിയിലൂടെ അംഗങ്ങൾക്ക് പ്രതിവർഷം 65,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. തിരുവനന്തപുരം, മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളിലാണ് പദ്ധതി ലഭ്യമാകുക.
ഭക്ഷണശാലകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പ്രത്യേക വിലക്കിഴിവുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് ഓഫറുകൾ, സൗജന്യ ലോഞ്ച് പ്രവേശനം, മുൻഗണനാ സുരക്ഷാ പരിശോധന, പാർക്കിങ് ആനുകൂല്യങ്ങൾ, പ്രണാം മീറ്റ് ആൻഡ് ഗ്രീറ്റ് സേവനം തുടങ്ങിയവ അംഗത്വത്തിന്റെ വിവിധ ശ്രേണികൾക്കനുസരിച്ച് ലഭിക്കും.
നേരത്തെ അവതരിപ്പിച്ച അദാനി റിവാർഡ്‌സ് 1.0 പദ്ധതിയിൽ 70 ലക്ഷം പേർ അംഗങ്ങളായിരുന്നു. ഇതിന്റെ വിപുലീകരിച്ച പതിപ്പിലൂടെ എട്ട് വിമാനത്താവളങ്ങളിലെയും സേവനങ്ങളും ആനുകൂല്യങ്ങളും ഏകീകൃത അംഗത്വ സംവിധാനത്തിന് കീഴിൽ ലഭ്യമാകും.
യാത്രക്കാർക്ക് വിമാനത്താവളത്തിലെ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ഓഫറുകൾ അറിയാനും റിവാർഡുകൾ പ്രയോജനപ്പെടുത്താനും അദാനി വൺ ആപ്പിലൂടെ സാധിക്കും.