• Wed. Aug 19th, 2026

24×7 Live News

Apdin News

റോഡ് സുരക്ഷയെക്കുറിച്ച് ഹ്രസ്വചിത്രമെടുക്കാം; 30,000 ദിർഹം വരെ സമ്മാനം നേടാൻ അവസരമൊരുക്കി ദുബായ് ആർ.ടി.എ

Byadmin

Aug 19, 2026


റോഡ് സുരക്ഷാ ആശയങ്ങളോ റോഡപകടങ്ങളുടെ യഥാർത്ഥ അനുഭവങ്ങളോ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ച് പങ്കുവെക്കുന്ന ദുബായിലെ താമസക്കാർക്കും സർവകലാശാലാ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും 30,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം.

റോഡുകളിലെ അപകടകരമായ പെരുമാറ്റങ്ങൾ മാറ്റാൻ സഹായിക്കുന്ന സർഗ്ഗാത്മകമായ വീഡിയോകൾ ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ‘റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവലിന്റെ’ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 24 മുതൽ നവംബർ 22 വരെ ആർ.ടി.എ വെബ്‌സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാം. അമിതവേഗത, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കതിരിക്കൽ, മറ്റ് സുരക്ഷിതമല്ലാത്ത റോഡ് ശീലങ്ങൾ എന്നീ വിഷയങ്ങളിൽ പങ്കാളികൾക്ക് സിനിമകൾ തയ്യാറാക്കാം.

വാഹനാപകടങ്ങളിൽപ്പെട്ട ഇരകളുടെ യഥാർത്ഥ കഥകൾ കേന്ദ്രീകരിച്ചുള്ളതായിരിക്കും മത്സരത്തിലെ ഒരു വിഭാഗം. സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് വരുത്തുന്ന മാനുഷിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കാനും ഇത്തരം ചിത്രങ്ങൾക്ക് കഴിയുമെന്ന് ആർ.ടി.എ വ്യക്തമാക്കി.

ആർക്കൊക്കെ പങ്കെടുക്കാം?

മത്സരത്തിന് പ്രധാനമായും മൂന്ന് വിഭാഗങ്ങളാണുള്ളത് — വ്യക്തികളും സർവകലാശാലാ വിദ്യാർത്ഥികളും, ഗവൺമെന്റ് സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും, പൊതുസമൂഹം (community).

വ്യക്തകൾക്കും സർവകലാശാലാ വിദ്യാർത്ഥികൾക്കുമായി രണ്ട് മത്സരങ്ങളുണ്ട് — സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചുള്ള മികച്ച റോഡ് സുരക്ഷാ ബോധവൽക്കരണ ചിത്രം, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മികച്ച നൂതന റോഡ് സുരക്ഷാ ചിത്രം.

ഓരോ മത്സരത്തിലും ഒന്നാം സ്ഥാനക്കാർക്ക് 30,000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 20,000 ദിർഹവും മൂന്നാം സ്ഥാനക്കാർക്ക് 10,000 ദിർഹവും ലഭിക്കും.

‘ഇയർ ഓഫ് ഫാമിലി’യുടെ ഭാഗമായി ഈ വർഷം ഒരു ‘ഫാമിലി റോഡ് സേഫ്റ്റി ഫിലിം’ വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനും സമാനമായ സമ്മാന തുകയാണ് നൽകുന്നത്.

മറ്റൊരു കമ്മ്യൂണിറ്റി വിഭാഗത്തിൽ, വാഹനാപകടങ്ങളിൽപ്പെട്ട ഇരകളെയും അവരുടെ കഥകളെയും ആസ്പദമാക്കി നിർമ്മിക്കുന്ന ഏറ്റവും സ്വാധീനമുള്ള ചിത്രങ്ങൾക്ക് യഥാക്രമം 30,000, 20,000, 10,000 ദിർഹം വീതം ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നൽകും.

സർക്കാർ വകുപ്പുകളും സ്വകാര്യ കമ്പനികളും ക്യാഷ് പ്രൈസുകൾക്ക് പകരമായി പുരസ്കാരങ്ങൾക്കായി (trophies) മത്സരിക്കും. ആകെ 2,40,000 ദിർഹം ക്യാഷ് പ്രൈസുകളായി നൽകുമെന്നും, സമ്മാനങ്ങളുടെയും പുരസ്കാരങ്ങളുടെയും മൊത്തം മൂല്യം 3,00,000 ദിർഹം വരെയാണെന്നും ആർ.ടി.എ അറിയിച്ചു.

വിജയിക്കുന്ന ചിത്രങ്ങൾ ആർ.ടി.എ ക്യാമ്പയിനുകളിൽ ഉപയോഗിക്കും

വിജയിക്കുന്ന എൻട്രികൾ മത്സരത്തിൽ മാത്രം ഒതുങ്ങിനിൽക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ തങ്ങളുടെ റോഡ് സുരക്ഷാ ക്യാമ്പയിനുകൾ, ബോധവൽക്കരണ ക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ഉപയോഗിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. ഇത് വീഡിയോകൾക്ക് വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്തുവാൻ അവസരമൊരുക്കും.

സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും വളർച്ച കാരണം റോഡ് സുരക്ഷാ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ഹ്രസ്വചിത്രങ്ങൾ വളരെ ഫലപ്രദമായ മാർഗ്ഗമായി മാറിയെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

2025-ൽ നടന്ന ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ 100-ലധികം എൻട്രികൾ ലഭിച്ചിരുന്നു. ദുബായിലെ റോഡുകളിലെ മരണങ്ങളും ഗുരുതരമായ പരിക്കുകളും കുറയ്ക്കുക ലക്ഷ്യമിട്ടുള്ള ആർ.ടി.എയുടെ വിപുലമായ ട്രാഫിക് സുരക്ഷാ തന്ത്രത്തിന്റെയും ‘സീറോ ഫേറ്റാലിറ്റീസ്’ (Zero Fatalities) കാഴ്ചപ്പാടിന്റെയും ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥികൾ, ട്രക്ക് ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ തുടങ്ങിയവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളും സുരക്ഷിതമായ ഡ്രൈവിംഗ്, കാൽനടയാത്രക്കാരുടെ സുരക്ഷ എന്നിവയിലെ ബോധവൽക്കരണ ക്യാമ്പയിനുകളും ആർ.ടി.എ നിലവിൽ നടപ്പിലാക്കുന്നുണ്ട്.

By admin