• Wed. Aug 19th, 2026

24×7 Live News

Apdin News

ഇമ്രാന്‍ ഖാൻ്റെ ആരോഗ്യനിലയില്‍ ആശങ്ക; ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി പാകിസ്താൻ സുപ്രീം കോടതി

Byadmin

Aug 19, 2026


പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ ആരോഗ്യനിലയിലെ ആശങ്ക കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി പാകിസ്താൻ സുപ്രീം കോടതി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും കുടുംബവും ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് കോടതി ഉത്തരവ്.

73 കാരനായ ഇമ്രാന്‍ ഖാന്‍ 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. നിരവധി കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തടവിലാക്കിയത്. എന്നാല്‍ ഈ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ അനുയായികളും ആരോപിക്കുന്നത്.

ഇമ്രാന്‍ ഖാൻ്റെ പാകിസ്താൻ തെഹ്രീകെ-ഇന്‍സാഫ് പാര്‍ട്ടി കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു. എന്നാല്‍ ഇത് നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നുവെന്നും പാര്‍ട്ടി വക്താക്കള്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ ഇമ്രാന്‍ ഖാന്റെ നേത്ര പ്രശ്‌നങ്ങളും മറ്റ് ആരോഗ്യസ്ഥിതിയും ഇത്രയും മോശമാവില്ലായിരുന്നെന്നും പറഞ്ഞു. എല്ലാ ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തുടരും. 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബര്‍ 16 വരെ അവിടെ തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് വീണ്ടും ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ കോടതി ഉത്തരവ്. മക്കളായ സുലൈമാന്‍ ഖാനും കാസിം ഖാനും കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ഡോക്ടര്‍മാര്‍ക്കും അദ്ദേഹത്തെ കാണാന്‍ കഴിയാത്തതിനെക്കുറിച്ച് പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴ് മാസമായി അദ്ദേഹത്തിന്റെ കുടുംബത്തിനോ ഡോക്ടര്‍മാര്‍ക്കോ അഭിഭാഷകര്‍ക്കോ അദ്ദേഹത്തെ കാണാന്‍ അനുവാദം ലഭിച്ചിട്ടില്ല. അതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു.

ഇമ്രാന്‍ ഖാന്റെ വലത് കണ്ണിന്റെ കാഴ്ച ശക്തി 85 ശതമാനം നഷ്ടമായതായി നേരത്തെ അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പതിനഞ്ച് ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇമ്രാന്റെ കണ്ണില്‍ രക്തം കട്ടപിടിച്ചപ്പോള്‍ ജയില്‍ അധികൃതര്‍ മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ച ശക്തി നഷ്ടമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതിനിടെ, പാകിസ്താൻ പ്രസിഡന്റ് ആരിഫ് അല്‍വിയും ഇമ്രാന്‍ ഖാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് എക്‌സില്‍ കുറിച്ചു. ഉത്കണ്ഠ, ഹൃദയമിടിപ്പ് വര്‍ധിക്കല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെക്കുറിച്ചാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.

By admin