• Sun. Apr 26th, 2026

24×7 Live News

Apdin News

ശമ്പളം നല്‍കാതെ പീഡിപ്പിച്ചു, മുറിയില്‍ പൂട്ടിയിട്ടു; വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തി

Byadmin

Apr 26, 2026


മനാമ: ജോലി തേടി ബഹ്റൈനിലെത്തിയ 24 വയസ്സുകാരിയായ ഏഷ്യന്‍ സ്വദേശിനി ക്രൂരമായ ചൂഷണത്തിനും പീഡനത്തിനും തടങ്കലിനും ഇരയായതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. മറ്റൊരു ഏഷ്യന്‍ സ്വദേശിയാണ് ഇവരെ വീട്ടുജോലിക്കായി രാജ്യത്തെത്തിച്ചത്.

എന്നാല്‍, യുവതിയെ ശമ്പളം നല്‍കാതെ വിവിധ വീടുകളില്‍ ജോലി ചെയ്യിപ്പിക്കുകയായിരുന്നു. തൊഴിലാളിയെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയ ശേഷം ഒടുവില്‍ വെള്ളവും വൈദ്യുതിയും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് അവരുടെ മൊഴിയില്‍ പറയുന്നു.

അവിടെ വെച്ച് അവര്‍ ശാരീരിക പീഡനത്തിന് ഇരയാകുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തു. നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കാനും രക്ഷപ്പെടുന്നത് തടയാനുമായിരുന്നു ഇത്തരത്തില്‍ പീഡിപ്പിച്ചത്. യുവതിയെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ സൂപ്പര്‍വൈസര്‍ യുവതിയുടെ നിലവിളി കേട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

യുവതിയെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മനസ്സിലാക്കിയ സൂപ്പര്‍വൈസര്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്നും താമയോഗ്യമല്ലെന്നും കണ്ടെത്തി. പ്രതി യുവതിയെ ശമ്പളം നല്‍കാതെ നിര്‍ബന്ധിത ജോലിക്കായി ഉപയോഗിച്ചുവെന്നും ഭീഷണിയും അക്രമവും വഴി സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സാമ്പത്തിക ലാഭത്തിനായി യുവതിയെ വിവിധ വീടുകളില്‍ ജോലിക്ക് അയച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.

പ്രതിക്ക് മൂന്ന് വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും കോടതി വിധിച്ചു. ഇരയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് പ്രതി വഹിക്കണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

 

The post ശമ്പളം നല്‍കാതെ പീഡിപ്പിച്ചു, മുറിയില്‍ പൂട്ടിയിട്ടു; വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin