• Sun. Aug 2nd, 2026

24×7 Live News

Apdin News

സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

Byadmin

Aug 2, 2026


സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വലിയൊരു പ്രളയഭീതിയിലാണ് കേരളം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജനവാസ മേഖലകളും ടൗണും പൂർണമായും വെള്ളത്തിനടിയിലായി. സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. മഴക്കെടുതികളിൽപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് ആറുപേർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ദുരന്തസാഹചര്യം നേരിടുന്നതിനായി വിവിധ ജില്ലകളിലായി ഇതുവരെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും നശിച്ചതായാണ് ദുരന്തനിവാരണ സേനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയിൽ അണക്കെട്ടുകളിൽ അതിവേഗം ജലനിരപ്പ് ഉയരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

നിലവിൽ പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, തൃശൂരിലെ പെരിങ്ങൽകുത്ത്, തിരുവനന്തപുരത്തെ നെയ്യാർ, പാലക്കാട്ടെ മംഗലം എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പ, മണിമല നദികളിൽ അപകടകരമായ വിധത്തിലാണ് ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്.

മഴ കനത്തതോടെ മുൻകരുതലിന്റെ ഭാഗമായി ഇടുക്കി ജില്ലയിലേക്കുള്ള വിനോദസഞ്ചാരം പൂർണമായും നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് കർശന വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

By admin