• Sun. Aug 2nd, 2026

24×7 Live News

Apdin News

സാൽവഡോറിൽ 3,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പുരാതന മനുഷ്യശേഷിപ്പെന്ന് ഗവേഷകർ

Byadmin

Aug 2, 2026


സാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ നിന്നും ഏകദേശം 3,000 വർഷം പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെടുത്തു. രാജ്യ തലസ്ഥാനമായ സാൻ സാൽവഡോറിന് സമീപമുള്ള ആൻ്റിഗ്വോ കുസ്കാറ്റ്‌ലാൻ എന്ന പ്രദേശത്തെ പുരാവസ്തു സൈറ്റിൽ നിന്നാണ് ഈ ചരിത്രപരമായ കണ്ടെത്തൽ.

ക്രിസ്തുവിന് മുൻപുള്ള ശേഷിപ്പുകൾ എന്നാണ് സാംസ്കാരിക മന്ത്രാലയത്തിൻ്റെ പ്രഥമ നിഗമനം. ഇതോടെ ആ കാലഘട്ടത്തിലെ സംസ്കാരത്തെക്കുറിച്ചും അന്നത്തെ മനുഷ്യരുടെ ജീവിതരീതികളെക്കുറിച്ചും മനസിലാക്കാൻ സഹായിക്കുന്ന നിർണായകമായ ചില സൂചനകൾ ലഭിക്കുമെന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്.

ഇതോട് ഒപ്പം കടലാമയുടെ ആകൃതിയിൽ നിർമിച്ച മനോഹരമായ ഒരു ചെറിയ സെറാമിക് പാത്രവും ലഭിച്ചു. ലഭിച്ച അസ്ഥികൂടത്തിൻ്റെ കിടപ്പ് രീതിയും ഗവേഷകരിൽ വലിയ സംശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം സംസ്കരിച്ചിരിക്കുന്നത്. പണ്ടത്തെ കാലത്തെ ഏതെങ്കിലും പ്രത്യേക ആചാരങ്ങളുടെയോ അല്ലെങ്കിൽ നരബലി പോലുള്ള ചടങ്ങുകളുടെയോ ഭാഗമായിട്ടാണോ ഇത് ചെയ്തത് എന്നറിയാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രജ്ഞർ

എൽ സാൽവഡോറിലെ ചാൽചുവാപ പുരാവസ്തു കേന്ദ്രത്തിൽ സമാനമായ രീതിയിലുള്ള ചില കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിലും തലയോട്ടികൾ വേർപ്പെടുത്തിയ നിലയിലുമുള്ള മനുഷ്യ അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. അത് മെസോഅമേരിക്കയിലെ ഏറ്റവും പഴയ നരബലിയുടെ തെളിവുകളായാണ് ഗവേഷകർ വിലയിരുത്തുന്നത്.

ലഭിച്ച മനുഷ്യ അസ്ഥികൂടത്തിൻ്റെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലാണ് അധികൃതർ. വരും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ പരിശോധനകൾ വ്യാപിപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ ചരിത്ര രഹസ്യങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

By admin