• Mon. Oct 19th, 2026

24×7 Live News

Apdin News

സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്റ്റഡിയിൽ തുടരും

Byadmin

Oct 19, 2026


ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർക്ക് ഇന്നും ജാമ്യമില്ല. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി കോടതി നീട്ടി. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെയാണ് ഇരുവരെയും ഇന്ന് ഹാജരാക്കിയത്. ഒക്ടോബർ 14ന് ഇരുവരെയും ആദ്യം അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

അടുത്തിടെ നിയുക്ത പ്രതിഷേധ സ്ഥലമെന്ന പദവി ഒഴിവാക്കപ്പെട്ട ഡൽഹിയിലെ ജന്തർമന്തറിൽ പൂട്ടിയ ഗേറ്റുകൾ ചാടിക്കടന്ന് പ്രവേശിച്ചതിനാണ് അവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 13ന് അവരെ കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും തിഹാർ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി നേതാക്കൾ ഒക്ടോബർ 13ന് രാവിലെ ജന്തർമന്തറിലെത്തിയത്. ത്രിവർണ പതാകയും കയ്യിലേന്തിയാണ് സിജെപി നേതാക്കൾ ജന്തർമന്തറിലെത്തിയത്. “ഗ്യാനേഷ് കുമാർ രാജിവയ്ക്കണം, നിങ്ങൾക്ക് രാജിവച്ചേ മതിയാകൂ,” എന്നീ മുദ്രാവാക്യങ്ങളാണ് അവർ ഉയർത്തിയത്.

By admin