• Sun. Jul 12th, 2026

24×7 Live News

Apdin News

സ്നേഹസാഗരം, എന്റെ ആദ്യ സിനിമയിലെ ഗാനങ്ങൾ പാടിയ ഗായികയെന്ന കടപ്പാട് മറക്കാനാകില്ല: മോഹൻലാൽ

Byadmin

Jul 12, 2026


കൊച്ചി: അനശ്വര ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. തന്റെ ആദ്യചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ’ ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോടുള്ളതെന്ന് ഹൃദയഹാരിയായ കുറിപ്പിൽ നടൻ കുറിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ജാനകി ആലപിച്ച ഗാനങ്ങൾ എല്ലാം എവർഗ്രീൻ ഹിറ്റുകളാണ്.

മോഹൻലാലിന്റെ വാക്കുകൾ: ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങള്‍ സമ്മാനിച്ച സ്നേഹസാഗരമാണ്‌ ജാനകിയമ്മ. മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. എന്‍റെ ആദ്യചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ’ ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് എനിക്കുള്ളത്.

സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്റെ മധുരസ്വരം പകര്‍ന്നു നല്‍കി. ആദ്യചിത്രത്തിന്‌ ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.

കഴിഞ്ഞ ദിവസമാണ് വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 2013 ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു.

By admin