
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെ വീണ്ടും ആക്രമണം. പനാമ പതാകയുള്ള എംടി ഓണ്‍ പീസ് എന്ന വാണിജ്യ കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 നാവികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കപ്പലിനു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ, നാവികരെ സുരക്ഷിതരായി ഒഴിപ്പിക്കാൻ സഹായിച്ച ഒമാൻ അധികൃതർക്ക് നന്ദിയും അറിയിച്ചു.
ഒമാൻ തീരത്താണ് പനാമ കപ്പലിനു നേരെ ആക്രമണമുണ്ടായത്. 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് പരിക്കേറ്റതെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റവരെ സുരക്ഷിതമായി ഒമാനിലെ ഖസബിലെ ആശുപത്രിയിലേക്ക് മാറ്റിയതായും വിദേശ മന്ത്രാലയം അറിയിച്ചു.
കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയില്‍ കപ്പലുകള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ ആശങ്കാജനകമാണ്. മേഖലയിലെ സമാധാനവും, സ്ഥിരതയും കണക്കിലെടുത്ത് ഇത്തരം ആക്രമണങ്ങള്‍ എത്രയും വേഗം അനസാനിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ആവര്‍ത്തിക്കുന്നു. വാണിജ്യ കപ്പലുകള്‍, നാവികര്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള സമുദ്ര വാണിജ്യ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.