രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ ആഗോള ബോക്സ് ഓഫീസിൽ 500 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്പോൾ ചിത്രം 541 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായി ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽനിന്ന് മാത്രം 337 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ.
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കേരളമുൾപ്പെടെയുള്ള വിപണികളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. കേരളത്തിൽ 800 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം 4,000 ഷോകളിലൂടെ ഏറ്റവും ഉയർന്ന ഓപ്പണിങ് ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോർഡും ‘ജയിലർ 2’ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’നു ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ജാക്കി ഷ്റോഫ്, ഹക്കീം ഷാജഹാൻ, കോട്ടയം നസീർ എന്നിവരും താരനിരയിലുണ്ട്.
നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനവും ആക്ഷൻ രംഗങ്ങളും ഡാർക്ക് ഹ്യൂമറും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചത്.