മുഹമ്മദ് സിറാജിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം അവഗണിച്ചുവെന്ന് മുൻ സൗത്ത് ആഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ്. മോർണി മോർക്കലിനെ പോലെ കൂട്ടുകെട്ടുകൾ തകർക്കാൻ സിറാജ് മിടുക്കനാണെന്ന് പറഞ്ഞ ഡിവില്ലിയേഴ്സ് അടുത്ത ടെസ്റ്റിൽ ഇന്ത്യ ഈ തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
എ.ബി ഡിവില്ലിയേഴ്‌സിന്റെ വാക്കുകൾ
”സിറാജിന്റെ സമീപകാല പ്രകടനങ്ങൾ ഒരു പക്ഷേ മെച്ചപ്പെട്ടതായിരിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടെസ്‌റ്റ് ടീമിന് വളരെ അത്യന്താപേക്ഷിതമായിരുന്നു. എല്ലാ കഠിനാദ്ധ്വാനവും നടത്തി ബുംറയുടെയും മറ്റ് പേസർമാരുടെയും ജോലിഭാരം അദ്ദേഹം കുറക്കുമായിരുന്നു. ഞങ്ങളുടെ മോർണി മോർക്കലിനെ പോലെ കൂട്ടുകെട്ടുകൾ തകർക്കാനും സിറാജ് മിടുക്കനാണ്. എല്ലാ മൽസരത്തിലും അദ്ദേഹത്തിനും നാലും അഞ്ചും വിക്കറ്റുകൾ ലഭിച്ചുവെന്ന് വരില്ല. പക്ഷേ സഖ്യങ്ങൾ അദ്ദേഹം തകർക്കും. അദ്ദേഹത്തിന്റെ കരുത്ത് ടീം മാനേജ്മെന്റ് അവഗണിച്ചു. അടുത്ത ടെസ്റ്റിനെങ്കിലും ഈ തെറ്റ് തിരുത്തണം”
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.