
ചെന്നൈ: ശബരിമല ദർശനത്തിന് എത്തിയപ്പോൾ പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ട്രാൻസ്ജെൻഡർ ഭക്ത സമർപ്പിച്ച ഹർജി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്നതും എതിർകക്ഷികൾ ഉൾപ്പെടെ ബന്ധപ്പെട്ടവർ കേരളത്തിലുള്ളവരുമായതിനാൽ കേരള ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാരിക്ക് വ്യക്തിപരമായാണ് ബുദ്ധിമുട്ട് നേരിട്ടതെങ്കിൽ അത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടത് വ്യക്തിപരമായ പരാതിയാണെന്നും അതിനാൽ പൊതുതാൽപ്പര്യ ഹർജിയുടെ പരിധിയിൽ വരില്ലെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. സമാനമായ മറ്റൊരു ഹർജി കേരള ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും അവിടെ നടപടികൾ പുരോഗമിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവും എതിർകക്ഷികളും കേരളത്തിലായതിനാൽ വിഷയം പരിഗണിക്കാൻ ഉചിതമായ വേദി കേരള ഹൈക്കോടതിയാണെന്നും ബെഞ്ച് വ്യക്തമാക്കി.
തുടർന്ന് കേരള ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകി ഹർജി പിൻവലിക്കാൻ ഹർജിക്കാരി ആവശ്യപ്പെട്ടു. എന്നാൽ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും നേരിട്ട് കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
തമിഴ്നാട് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് അംഗവും സെൽഫ് കോൺഫിഡൻസ് ട്രാൻസ്ജെൻഡേഴ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറുമായ അനുശ്രീയാണ് ഹർജി സമർപ്പിച്ചത്. 2022 മുതൽ എല്ലാ വർഷവും ശബരിമല തീർത്ഥാടനം നടത്താറുണ്ടെന്നും ഓരോ തവണയും മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിച്ചിരുന്നതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഇത്തവണ 15 പേരോടൊപ്പം ദർശനത്തിനെത്തിയപ്പോൾ പമ്പയിലെ ഗണപതി ചെക്ക്പോസ്റ്റിൽ തടഞ്ഞുവെന്നും മെഡിക്കൽ രേഖകൾ പരിശോധിച്ചിട്ടും പ്രവേശിക്കാൻ അനുവദിച്ചില്ലെന്നുമാണ് പരാതി.
സമാനമായ വിഷയത്തിൽ മറ്റൊരു ട്രാൻസ്ജെൻഡർ ഭക്ത കഴിഞ്ഞ ഓഗസ്റ്റിൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലീസിന് നിർദേശം നൽകിയതായി അറിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള ഉത്തരവോ സർക്കുലറോ ലഭിച്ചില്ലെന്നും അന്നത്തെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ കേസിൽ ഓഗസ്റ്റ് 26-ന് തിരുവോണ നാളിൽ പ്രവേശനത്തിന് അനുമതി ലഭിച്ചെങ്കിലും, സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലായതിനാൽ കേരള ഹൈക്കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.
വ്യക്തിയുടെ ലിംഗസ്വത്വം സ്ഥിരീകരിക്കുന്ന വ്യക്തമായ മെഡിക്കൽ രേഖകളോ ഔദ്യോഗിക സർട്ടിഫിക്കറ്റോ ഇല്ലാതെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഔദ്യോഗിക പരിശോധനയില്ലാതെ പ്രവേശനം അനുവദിക്കുന്നത് നിലവിലുള്ള ക്ഷേത്രാചാരങ്ങളുടെ ലംഘനത്തിന് ഇടയാക്കുമെന്നും സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.