• Sun. Oct 25th, 2026

24×7 Live News

Apdin News

“അമ്മയുടെ ആ വിളികൾ എടുക്കാൻ കഴിയാത്തതിൽ ഇന്നും വിഷമമുണ്ട്”; കെ.പി.എ.സി ലളിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് മഞ്ജു പിള്ള

Byadmin

Oct 25, 2026


കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ കെ.പി.എ.സി ലളിതയുടെ അവസാന നാളുകളെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകൾ പങ്കുവെച്ച് നടി മഞ്ജു പിള്ള.

ലളിതാമ്മ നിരന്തരം വിളിച്ചിരുന്നെങ്കിലും ചില കോളുകൾ അന്ന് എടുക്കാൻ സാധിക്കാത്തതിൽ ഇനിയും മനസ്സിൽ വിഷമമുണ്ടെന്ന് താരം വ്യക്തമാക്കി. അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ്സുതുറന്നത്.

കോവിഡ് കാലത്ത് തമിഴ്‌നാട്ടിൽ ഒരു സിനിമയുടെ ഷൂട്ടിംഗിനായി പോയപ്പോഴുള്ള അനുഭവമാണ് മഞ്ജു പിള്ള ഓർത്തെടുത്തത്. അന്ന് ലളിതാമ്മ ദിവസവും പലതവണ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു.

“ഉർവശി ചേച്ചിയൊക്കെ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി ലളിതാമ്മ തമിഴ്‌നാട്ടിൽ പോയിരുന്നു. അന്ന് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ പതിവായി വിളിക്കുമായിരുന്നു.

ഇങ്ങനെ ദിവസവും പലതവണ വിളിക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മണിയമ്മ, ‘എന്തിനാണ് എപ്പോഴും വിളിക്കുന്നത്, അവിടെ എന്തെങ്കിലും ജോലിയിലായിരിക്കില്ലേ’ എന്ന് ചോദിക്കാറുണ്ടായിരുന്നു,” മഞ്ജു പിള്ള പറഞ്ഞു.

എന്നാൽ “നിന്റെ കാശിനൊന്നുമല്ലല്ലോ ഞാൻ വിളിക്കുന്നത്, എന്റെ ഫോണിൽ നിന്നല്ലേ?” എന്ന് പറഞ്ഞായിരുന്നു ലളിതാമ്മ അതിന് മറുപടി നൽകിയിരുന്നത്.

അവിടെ തനിക്ക് വരെ ബോറടിക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളും കോവിഡ് നിയന്ത്രണങ്ങളും കാരണം ആരും പുറത്തേക്ക് വിടുന്നില്ലെന്നും ലളിതാമ്മ വിഷമം പങ്കുവെക്കാറുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ലളിതാമ്മ വിളിക്കുമ്പോൾ പരമാവധി ഫോൺ എടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും, താൻ ഫാമിലെ പോത്തുകളെ നോക്കുന്ന തിരക്കിലായതുകൊണ്ട് ചില കോളുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മഞ്ജു പിള്ള ഓർക്കുന്നു.

“ഒരു പത്ത് പന്ത്രണ്ട് ദിവസം തുടർച്ചയായി അമ്മ വിളിച്ചിരുന്നു. പിന്നെ കുറച്ചുദിവസത്തേക്ക് വിളിയൊന്നും വന്നില്ല. അപ്പോഴാണ് എന്താണ് വിളിക്കാത്തത്, ഇങ്ങനെ പതിവില്ലല്ലോ എന്ന് ചിന്തിച്ചത്.

തിരിച്ചു വിളിച്ചപ്പോഴാണ് അമ്മയ്ക്ക് അസുഖം കൂടി ആശുപത്രിയിൽ അഡ്മിറ്റായ വിവരം അറിയുന്നത്.ആ കോളുകൾ പലതും എനിക്ക് എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് ഇപ്പോഴും വലിയൊരു വിഷമമാണ്,” സങ്കടത്തോടെ മഞ്ജു പിള്ള പറഞ്ഞു.

ഹാസ്യ വേഷങ്ങളിലൂടെയും പിന്നീട് മികച്ച സ്വഭാവവേഷങ്ങളിലൂടെയും മലയാളികളുടെ മനം കവർന്ന മഞ്ജു പിള്ളയുടെ ഈ വെളിപ്പെടുത്തൽ സിനിമാപ്രേമികൾക്കിടയിലും ഏറെ നൊമ്പരമായി മാറിയിരിക്കുകയാണ്.







By admin