• Sat. Aug 8th, 2026

24×7 Live News

Apdin News

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Byadmin

Aug 7, 2026


ന്യൂദല്‍ഹി: പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ വി.ഡി. സതീശന്‍ സര്‍ക്കാരും വഞ്ചിച്ചു. എസ്സി-എസ്ടി വിദ്യാര്‍ത്ഥികളുടെ 10,000 പവന്‍ നല്കില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്കുള്ള അരപ്പവന്‍ മെഡല്‍ നിര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പദ്ധതിയാണ്. ഈവര്‍ഷം മുതല്‍ നല്കുക 2019ല്‍ പദ്ധതി മുടങ്ങിയപ്പോഴുള്ള സ്വര്‍ണ മെഡലിന്റെ തുക മാത്രം. ആറ് വര്‍ഷമായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ പരിഗണനയിലേയില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടികജാതി-,വര്‍ഗ വകുപ്പ് വഴി നടപ്പാക്കിയതാണ് നാല് ഗ്രാം സ്വര്‍ണ മെഡല്‍. പിണറായി സര്‍ക്കാര്‍ അതു മുടക്കി. 2019ല്‍ 9954 വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്കി. പിന്നെ മുടക്കി. അതിനുശേഷം 2025 വരെ 20,000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡല്‍ നല്കാനുള്ളത്.

അരപ്പവന്‍ സ്വര്‍ണ മെഡല്‍ പദ്ധതി നിര്‍ത്തലാക്കിയെന്ന് എസ്സി-എസ്ടി മന്ത്രി കെ.എ. തുളസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിലയുയര്‍ന്നതിനാല്‍ സ്വര്‍ണം നല്കാനാകില്ല. പകരം 2019ല്‍ അവസാനമായി മെഡലിനു ചെലവഴിച്ച തുക കണക്കാക്കി വിദ്യാര്‍ത്ഥികള്‍ക്കു പണം നല്കും. 2019 മുതല്‍ 2025 വരെ മെഡലിനായി കാത്തിരിക്കുന്ന കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

സ്വര്‍ണ മെഡല്‍ കാത്തിരിക്കുന്ന കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളെ വി.ഡി. സതീശന്‍ സര്‍ക്കാരും കൈയൊഴിയുന്നു. നാലുഗ്രാം വച്ച് 10,000 പവനോളം മെഡലായി നല്കാനുണ്ട്. ഇന്നത്തെ സ്വര്‍ണ വിലയനുസരിച്ച് 116 കോടി രൂപ നല്കണം. 2019ല്‍ അവസാനമായി മെഡല്‍ നല്കുമ്പോള്‍ 15,000 രൂപ വരെയായിരുന്നു ഒരു മെഡലിന് ചെലവ്. 2026 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്നത് ഈ തുക അടിസ്ഥാനമാക്കി മാത്രമാകും. സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ക്ക് നല്‌കേണ്ട 10,000 രൂപ കാഷ് പ്രൈസും 2019 മുതല്‍ നല്കിയിട്ടില്ല.
2019നു ശേഷം അപേക്ഷ പോലും പട്ടികജാതി- വര്‍ഗ വികസന വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ പദ്ധതിയിലും ഇനിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും കാഷ് പ്രൈസ് ലഭിക്കുക. കാല്‍ ലക്ഷത്തോളം എസ്സി- എസ്ടി വിദ്യാര്‍ത്ഥികള്‍ സ്വര്‍ണ മെഡലും കാത്തിരിക്കുന്ന വാര്‍ത്ത 2025 സപ്തംബര്‍ 25ന് ജന്മഭൂമിയാണ് പുറത്ത് കൊണ്ടുവന്നത്. യുഡിഎഫ്, നിയമസഭയിലുള്‍പ്പടെ ഈ വാര്‍ത്തയുന്നയിച്ച് പിണറായി സര്‍ക്കാരിനെതിരേ രൂക്ഷമായി വിമര്‍ശിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു.



By admin