തിരുവനന്തപുരം: മുസ്‍ലിം ലീഗിനെ വിമർശിച്ച കോൺഗ്രസിന്റെ മൂവാറ്റുപുഴ നിയുക്ത എ.എൽ.എ മാത്യു കുഴൽനാടനെ രൂക്ഷമായി വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ലീഗിന്റെ അവകാശത്തെപ്പറ്റി ചോദിക്കാൻ അയാൾക്കെന്താണ് അധികാരമെന്ന് ഉണ്ണിത്താൻ ചോദിച്ചു.
കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതുപോലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനത്തില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ലമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ലീഗിന്റെ പിന്തുണ വി.ഡി.സതീശനാണല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. പിന്നാലെ കുഴല്‍നാടനെതിരെ പലയിടങ്ങളിലും ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നിരുന്നു.
ഇവിടെ ഒരു കോൺഗ്രസിന്റെ നേതാവ് ചോദിച്ചു, കോൺഗ്രസിന്റെ കാര്യങ്ങളിൽ ഇടപെടാൻ ലീഗിന് എന്ത് അവകാശം എന്ന്. അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്നൊരു ചൊല്ലുണ്ട്. അത് ചോദിക്കാൻ അയാൾക്കെന്താണ് അവകാശം. നമുക്കറിയാം, രാഹുൽ ഗാന്ധി വയനാട്ടിൽനിന്നാണ് ജയിച്ചത്. ഇന്ന് പ്രിയങ്ക ഗാന്ധി വയനാട്ടിൽ എം.പിയാണ്. ഞാൻ കാസർകോട്ടെ എം.പിയാണ്. സുധാകരൻ കണ്ണൂർ എം.പിയാണ്. ഷാഫി പറമ്പിൽ വടകര എം.പിയാണ്. അനിൽകുമാർ വണ്ടൂർ എം.പിയാണ്. ഞങ്ങൾക്ക് ആർക്കെങ്കിലും പറയാൻ പറ്റുമോ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പറ്റില്ല എന്നുള്ളത്. കാരണം ലീഗ് യു.ഡി.എഫിന്റെ ടീമിൽപെട്ട ആളുകളാണ്. അവർക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അവർക്കത് പറയാം, രഹസ്യമായും പറയാം പരസ്യമായും പറയാം. അതൊക്കെ പറയാനുള്ള അവകാശം അവർക്കുണ്ട് -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒറ്റക്കെട്ടായി സഹായിച്ചതുകൊണ്ടാണ് യു.ഡി.എഫിന് ഈ ഭൂരിപക്ഷം കിട്ടിയത്. അതുകൊണ്ട് അവർക്കൊക്കെ അവരുടെ ആഗ്രഹങ്ങൾ രഹസ്യമായും പരസ്യമായും പറയാനുള്ള അവകാശമുണ്ട്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽവരണമെന്ന് ആഗ്രഹിച്ച മുഴുവൻ ആളുകൾക്കും മുഖ്യമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ആരെങ്കിലും ഉപയോഗിക്കുമ്പോൾ, അസഹിഷ്ണുത കാണിച്ചിട്ട് യാതൊരു കാര്യവുമില്ല. അസഹിഷ്ണുത കാണിക്കുന്ന ആളുകളുടെ പാരമ്പര്യമൊക്കെ നമുക്ക് അറിയാൻ പറ്റും. ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അതിനെ കൊച്ചാക്കുന്ന പ്രവണത ശരിയല്ല. അതൊന്നും അംഗീകരിക്കില്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.