• Sat. Nov 21st, 2026

24×7 Live News

Apdin News

‘ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX? വൃത്തികേട് കാണിച്ചാലും ഒരു വൃത്തിക്കൊക്കെ കാണിക്കണ്ടേ’; ‘ബാച്ചിലർ പാർട്ടി’ക്കെതിരെ ജോസഫ് അന്നംകുട്ടി

Byadmin

Nov 21, 2026


കൊച്ചി: അമൽ നീരദ് സംവിധാനം ചെയ്ത ‘ബാച്ചിലർ പാർട്ടി D’EUX’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അന്നംകുട്ടി ജോസ്. സിനിമയിലെ അമിതമായ ലഹരി ഉപയോഗത്തിന്റെ ചിത്രീകരണത്തെയും ദ്വയാർത്ഥ പ്രയോഗങ്ങളെയും (Double meaning dialogues) ചോദ്യം ചെയ്താണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

കേരളത്തിൽ ലഹരിക്കെതിരായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം സിനിമകൾ സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണെന്ന ചോദ്യമാണ് ജോസഫ് ഉയർത്തുന്നത്. നന്മ വാരിവിതറണമെന്നല്ല പറയുന്നതെന്നും എന്നാൽ ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും ഒരു ഔചിത്യം വേണമെന്നും അദ്ദേഹം കുറിച്ചു.

ജോസഫ് അന്നംകുട്ടി ജോസിന്റെ കുറിപ്പിലെ പ്രസക്തഭാഗങ്ങൾ:

“കുറേ ഡബിൾ മീനിങ് ഡയലോഗ്സ്, ഒരു ലോഡ് വലി, കുടി, സ്റ്റഫ് സീനുകൾ. നന്മ വാരിവിതറണം എന്നല്ല പറയുന്നത്. വൃത്തികേട് കാണിച്ചാലും ഒരു വൃത്തിക്കൊക്കെ കാണിക്കണ്ടേ? സലിം കുമാർ പറഞ്ഞതുപോലെ അടി, ഇടി, വെടി അതാണല്ലോ സിനിമ. ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX! കുളം ക്ലീൻ ആക്കിയില്ലേലും കുളത്തിൽ വിഷം ചേർക്കല്ലേ?”

സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

ജോസഫ് അന്നംകുട്ടിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. സിനിമകൾ സമൂഹത്തെയും പ്രത്യേകിച്ച് യുവാക്കളെയും സ്വാധീനിക്കില്ലെന്ന് പറയാനാകില്ലെന്നും ലഹരി ഉപയോഗത്തെ ആഘോഷിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ഒരു വിഭാഗം വാദിക്കുന്നു.

അതേസമയം, ജോസഫിന്റെ വിമർശനത്തെ എതിർത്തും നിരവധി പേർ രംഗത്തെത്തി. ‘എ’ (A) സർട്ടിഫിക്കറ്റുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊന്നും കാണാതെയാണോ സിനിമയ്ക്ക് പോയതെന്നാണ് വിമർശകരുടെ ചോദ്യം. സിനിമയെ വെറും വിനോദമായും കലാപരമായ സ്വാതന്ത്ര്യമായും കണ്ടാൽ മതിയെന്നും ആരാധകർ പ്രതികരിക്കുന്നു. എന്തായാലും സിനിമയിലെ ലഹരി ചിത്രീകരണവും സെൻസർഷിപ്പും സംബന്ധിച്ച പുതിയ ചർച്ചകൾക്കാണ് ഈ കുറിപ്പ് വഴിവെച്ചിരിക്കുന്നത്.







By admin